തിരുവനന്തപുരം: ഇരുപത്തിയഞ്ചാമത് കേരള രാജ്യന്തര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തു. മേള പിന്നിട്ട രണ്ടര പതിറ്റാണ്ടിന്‍റെ പ്രതീകമായി 25 ദീപങ്ങൾ തെളിയിച്ചാണ് ചടങ്ങുകൾ ആരംഭിച്ചത്. വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടിന്‍റെ പേരിലാണ് കേരളത്തിന്‍റെ രാജ്യന്തര ചലച്ചിത്രമേള ലോകത്തിന്‍റെ സാംസ്കാരിക ഭൂപടത്തിൽ ഇടം നേടിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് ഴാങ് ലുക് ഗോദാർദിനു വേണ്ടി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഏറ്റുവാങ്ങി. കൊവിഡിനെ തുടർന്ന് നേരിട്ട് എത്താൻ കഴിഞ്ഞില്ലെങ്കിലും ഓൺലൈനായി ഗോദാർദ് ചടങ്ങിൽ പങ്കെടുത്തു. ജി.പി രാമചന്ദ്രൻ രചിച്ച ഗോദാർദ് പല യാത്രകൾ എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു. സാംസ്കാരിക മന്ത്രി എ.കെ ബാലൻ അധ്യക്ഷനായി. സ്പീക്കർ പി.ശ്രീരാമകൃഷ്ണനായിരുന്നു മുഖ്യാതിഥി. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ വളരെ പരിമിതമായ ആളുകൾ മാത്രമാണ് പങ്കെടുത്തത്. ചടങ്ങിന് ശേഷം ഉദ്ഘാടന ചിത്രമായ ക്വേ വാഡിഡ് ഐഡ പ്രദർശിപ്പിച്ചു.