തിരുവനന്തപുരം : രാജ്യാന്തര ചലച്ചിത്ര മേളയില്‍ 67 ചിത്രങ്ങളുടെ അവസാന പ്രദർശനം വ്യാഴാഴ്‌ച. ലോക സിനിമയിലെ 42 ചിത്രങ്ങൾ ഉൾപ്പടെയാണിത്. അഫ്‌ഗാന്‍ ജനതയുടെ ജീവിത സാഹചര്യങ്ങൾ ചിത്രീകരിക്കുന്ന 'ഓപിയം വാർ', ഇറ്റാലിയൻ ചിത്രമായ 'ദ മിറാക്കിൾ ചൈൽഡ്', 'വെറ്റ് സാൻഡ്', 'കമ്പാർട്ട്മെൻ്റ് നമ്പർ 6', 'ത്രീ സ്ട്രേൻജേഴ്‌സ്', 'മെമ്മോറിയ', 'സാങ്റ്റോറം' തുടങ്ങിയ ചിത്രങ്ങളാണ് ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിയ്ക്കുന്നത്.
'നിഷിദ്ധോ', 'നിറയെ തത്തകളുള്ള മരം', 'പ്രാപ്പെട', 'ആർക്കറിയാം', 'എന്നിവർ', 'കള്ളനോട്ടം' എന്നീ മലയാള ചിത്രങ്ങളുടെ പ്രദർശനവും ഉണ്ടാകും. ജപ്പാനിലെ കർഷകരുടെ കഥ പറയുന്ന 'യുഗെറ്റ്സു', ഡച്ച് നാവികനായ നായകൻ്റെ ജീവിതത്തിലേക്ക് പന്തയത്തിലൂടെ കടന്നുവരുന്ന പെൺകുട്ടിയുടെ കഥ പറയുന്ന 'ദ സ്റ്റോറി ഓഫ് മൈ വൈഫ്', അഞ്ച് വയസുകാരിയായ മകളുടെ മരണത്തിന് ശേഷം ഒറ്റപ്പെട്ടുപോകുന്ന മാതാവിൻ്റെ ജീവിതം പ്രമേയമാക്കിയ ചൈനീസ് ചിത്രം 'എ ചാറ്റ്' എന്നിവയും വ്യാഴാഴ്‌ച പ്രദർശിപ്പിയ്ക്കും.