തിരുവനന്തപുരം : യുദ്ധങ്ങളും വംശീയാതിക്രമങ്ങളും സാമൂഹ്യവിടവുകളും ചതച്ചരച്ച ജീവിതങ്ങൾ നിലനിൽപ്പിൻ്റെ വഴി തേടുന്നത് ആവേശം പകരുന്ന കാഴ്‌ചകളായി തിരശ്ശീലയിലെത്തുന്നു. സ്ത്രീകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് മിക്ക ചിത്രങ്ങളും. ലൈംഗിക സ്വാതന്ത്ര്യം മുതൽ മതാധിഷ്‌ഠിത ജീവിത വ്യവസ്ഥയുടെ അടിച്ചമർത്തലുകൾക്കെതിരായ യുദ്ധ പ്രഖ്യാപനം വരെ നീളുന്ന പുരോഗമനക്കാഴ്‌ചകള്‍.
അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന കമില കംസ് ഔട്ട് ടുനൈറ്റ്, ക്ലാര സോള, മുറീന, യു റെസമ്പിള്‍ മീ, യൂനി തുടങ്ങി വിവിധ വിഭാഗങ്ങളിലായി പെൺപോരാട്ടങ്ങളുടെ ഉയർന്ന ശബ്‌ദങ്ങളും നിശബ്‌ദ വിപ്ലവങ്ങളും ഇവിടെയുണ്ട്. ഐഎഫ്എഫ്കെയിലെ നിറസാന്നിധ്യമായ സ്ത്രീകളും വിദ്യാർത്ഥികളും ഈ കാഴ്‌ചകളെ ആവേശത്തോടെയാണ് വരവേൽക്കുന്നത്. സ്ക്രീനിലെ പല കഥാപാത്രങ്ങളും തങ്ങളാണെന്ന് തിരിച്ചറിവിലാണ് അവർ.
ലോകത്തെവിടെയും വനിതകൾ അടുത്ത ചുവടിലേക്കുള്ള പരിശ്രമത്തിലാണെന്ന ഓർമപ്പെടുത്തലാണ് ഈ സിനിമകൾ. മ്യാൻമർ, അഫ്‌ഗാനിസ്ഥാൻ, കുർദിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് ഫ്രെയിമിങ് കോൺഫ്ലിക്റ്റ്സ് വിഭാഗത്തിലുള്ളത്. കുർദിഷ് സംവിധായിക ലിസ ചലാൻ 26-ാമത് ഐഎഫ്എഫ്കെയുടെ ഉദ്ഘാടന ചടങ്ങിൽ അതിഥിയായെത്തിയത് ഈ മേളയുടെ കൂടി സന്ദേശമാണ്.
ത്രീ സ്‌ട്രേഞ്ചേഴ്‌സ്, ഡ്രൗണിങ് ഇന്‍ ഹോളി വാട്ടേഴ്‌സ്, ഹവാ-മാരിയം-ആയിഷ, കിലോമീറ്റേഴ്‌സ് സീറോ, മറൂണ്‍ട് ഇന്‍ ഇറാഖ് തുടങ്ങിയ സിനിമകൾ ശ്രദ്ധേയം. ക്രിട്ടിക്‌സ് ചോയ്‌സ് വിഭാഗത്തിൽ ദി എഡ്‌ജ് ഓഫ് ഡേ ബ്രേക്ക്, ദി എക്‌സാം, ദി ഇന്‍വിസിബിള്‍ ലൈഫ് ഓഫ് യൂറിഡൈസ് ഗുസ്‌മാവോ എന്നീ ചിത്രങ്ങൾ. ലോക സിനിമ വിഭാഗത്തിൽ 107 മതേഴ്‌സ്, എ ചാറ്റ്, എ ഹയ്യര്‍ ലോ, അമീറ, അമ്പാരോ, ബാഡ്‌ലക്ക് ബാങിങ് ഓര്‍ ലൂണി പോണ്‍, കോ പൈലറ്റ് തുടങ്ങി നിരവധി ചിത്രങ്ങൾ.
വിദ്യാഭ്യാസത്തിലൂടെ, സദാചാരവിലക്കുകളെ വെല്ലുവിളിക്കുന്നതിലൂടെ, സമൂഹത്തിൽ ഗുണപരമായി ഇടപെടുന്നതിലൂടെ, പ്രതിസന്ധികൾ മുറിച്ചുകടക്കുന്നതിലൂടെ, കുറഞ്ഞപക്ഷം നിശബ്‌ദ പ്രതികാരങ്ങളിലൂടെ, ചെറുതും വലുതുമായ വിജയങ്ങൾ നേടുന്നവരാണ് 26-ാമത് ഐഎഫ്എഫ്കെയുടെ സ്ക്രീനിലെ പെണ്ണുങ്ങൾ.