തിരുവനന്തപുരം : എട്ട് ദിവസം നീണ്ടുനിന്ന തലസ്ഥാനത്തെ ചലച്ചിത്ര വിരുന്നിന് വെള്ളിയാഴ്‌ച തിരശ്ശീല വീഴും. സമാപന ചടങ്ങ് മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദിഖി ചടങ്ങിൽ മുഖ്യാതിഥിയാകും.
പ്രമുഖ സാഹിത്യകാരൻ ടി പത്മനാഭൻ വിശിഷ്‌ടാതിഥിയാകും. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. സമാപന ദിവസമായ വെള്ളിയാഴ്‌ച 'എ ഹീറോ'യടക്കം 14 ചിത്രങ്ങൾ പ്രദർശിപ്പിക്കും.
Also read: നടന്‍ ചിമ്പുവിന്‍റെ അച്ഛന്‍ സഞ്ചരിച്ചിരുന്ന കാറിടിച്ച് വയോധികന്‍ മരിച്ചു ; ഡ്രൈവർ അറസ്റ്റില്‍
ചലച്ചിത്ര മേളയ്ക്ക് വര്‍ണ പകിട്ടേകി ടാഗോർ തിയേറ്ററിലും നിശാഗന്ധിയിലും സായാഹ്നങ്ങളിൽ അരങ്ങേറിയ വിവിധ സാംസ്‌കാരിക പരിപാടികളിൽ ആയിരങ്ങളാണ് പങ്കുചേർന്നത്. മേളയിലെത്തുന്ന ഡെലിഗേറ്റുകൾക്ക് സംവിധായകരുമായി സംവദിക്കുന്നതിനായി മീറ്റ് ദ ഡയറക്‌ടര്‍, ഇൻ കോൺവർസേഷൻ, ഓപ്പൺ ഫോറം തുടങ്ങിയ പരിപാടികളും മേളയിൽ നടന്നു. സിനിമ ആസ്വാദകരും സൗഹൃദ വലയങ്ങളും ഒത്തുചേർന്ന മേള നവ്യാനുഭവമായി.
ഇറാൻ, അഫ്‌ഗാനിസ്ഥാന്‍, തുർക്കി, റഷ്യ, നൈജീരിയ, ആഫ്രിക്ക തുടങ്ങി 60ലധികം രാജ്യങ്ങളിൽ നിന്നുള്ള 173 ചിത്രക്കാഴ്‌ചകൾക്കാണ് വെള്ളിയാഴ്‌ച സമാപനമാകുന്നത്. ദിന അമീർ സംവിധാനം ചെയ്‌ത ഫ്രഞ്ച് ചിത്രം 'യൂ റിസെമ്പിള്‍ മീ', 'ലെറ്റ് ഇറ്റ് ബി മോർണിങ്', മൗനിയ അക്ൽ സംവിധാനം ചെയ്‌ത 'കോസ്റ്റ ബ്രാവ', 'ലെബനൻ' എന്നീ മത്സര ചിത്രങ്ങള്‍ സമാപന ദിവസം പ്രദര്‍ശിപ്പിക്കും.
'നായാട്ട്', 'ബനേർഘട്ട', അടൽ കൃഷ്‌ണന്‍ സംവിധാനം ചെയ്‌ത 'വുമൺ വിത്ത് എ മുവീ ക്യാമറ' എന്നീ മലയാള ചിത്രങ്ങളും, 'ഡക് ഡക്', 'ദി വണ്ടർലെസ് അബു' തുടങ്ങിയവയും അവസാന ദിനത്തിലെ ശ്രദ്ധേയ ചിത്രങ്ങളാണ്. 'ദ ടെയിൽ ഓഫ് കിങ് ക്രാബ്', 'ഔർ റിവർ ഔർ സ്കൈ', ദ ഗ്രേവ് ഡിഗേഴ്‌സ് വൈഫ്', 'വെദർ ദി വെതർ ഈസ് ഫൈൻ' എന്നീ ചിത്രങ്ങൾ ലോക സിനിമ വിഭാഗത്തില്‍ സമാപന ദിവസം പ്രദർശിപ്പിക്കും.