തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
റെഡ് അലർട്ടിന് സമാനമായ ജാഗ്രത എല്ലാ ജില്ലകളിലും തുടരണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് സാധ്യതയുണ്ട്. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുത്. തെക്ക് കിഴക്കൻ അറബിക്കടലിലെ ചക്രവാതച്ചുഴി മൂലം പടിഞ്ഞാറൻ കാറ്റ് കേരള തീരത്ത് ശക്തമായതാണ് മഴ തുടരാൻ കാരണം. രണ്ട് ദിവസം കൂടി നിലവിലെ മഴ തുടരാനാണ് സാധ്യത. നെയ്യാറ്റിൻകര താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ. കഴിഞ്ഞ ദിവസവും ശക്തമായ മഴ പെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം. നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
READ MORE: കേരളം ഉള്‍പ്പെടെ 5 സംസ്ഥാനങ്ങളില്‍ കനത്ത മഴയ്‌ക്ക് സാധ്യത; 18 വരെ ജാഗ്രത വേണമെന്ന് കേന്ദ്രം