തിരുവനന്തപുരം : മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ മുൻ എംഎൽഎ പി.സി ജോർജിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിച്ചു. അപേക്ഷ ഫയലിൽ സ്വീകരിച്ച കോടതി മെയ് 11ന് വാദം കേൾക്കും. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-2 ആണ് കേസ് പരിഗണിക്കുന്നത്.
പി.സി ജോർജ് ജാമ്യത്തിൽ ഇറങ്ങി ജുഡീഷ്യൽ ക്വാട്ടേഴ്‌സിന് മുൻപിൽ വച്ചുതന്നെ ജാമ്യ ഉപാധി ലംഘിച്ചുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ജാമ്യം ലഭിച്ച ശേഷം തന്‍റെ പ്രസ്‌താവനയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് മാധ്യങ്ങളോട് പറഞ്ഞ പി.സി ജോർജ് ഇതേ പ്രസ്‌താവന പല പൊതുവേദികളിലും അവർത്തിച്ചു. പി.സി ജോർജിൻ്റെ ഇത്തരം പ്രവൃത്തി ജാമ്യം നൽകിയ കോടതി ഉപാധികൾക്ക് വില കൽപിക്കാത്തത് കൊണ്ടാണെന്നും ഇക്കാരണത്താൽ ജാമ്യം റദ്ദാക്കണമെന്നുമാണ് ഹർജിയില്‍ പറയുന്നത്.
ഹൈക്കോടതി സർക്കുലർ അനുസരിച്ച് ജാമ്യം അനുവദിക്കുന്നതിന് മുൻപ് പ്രോസിക്യൂട്ടറുടെ ഭാഗം കേൾക്കേണ്ടതാണ്. എന്നാല്‍ കോടതി ജാമ്യം അനുവദിച്ചപ്പോള്‍ ഈ നിയമ നടപടി പാലിച്ചിട്ടില്ല. ജാമ്യം പരിഗണിച്ച ദിവസം അസി. പബ്ലിക് പ്രോസിക്യൂട്ടർ അവധിയിലാണ് എന്ന കോടതി പരാമര്‍ശം സാങ്കേതികമായി ശരിയല്ലെന്നും അസി. പബ്ലിക് പ്രോസിക്യൂട്ടർ നൽകിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഏപ്രിൽ 29ന് അനന്തപുരി ഹിന്ദുസമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗത്തെ തുടര്‍ന്നാണ് പി.സി ജോര്‍ജ് അറസ്റ്റിലായത്. മെയ് ഒന്നിന് പുലർച്ചെ ഈരാറ്റുപേട്ടയിലെ വസതിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പൊലീസ് എ.ആര്‍ ക്യാമ്പില്‍ എത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്‍റെ വസതിയിൽ ഹാജരാക്കി. പി.സി ജോര്‍ജിന് കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.