തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സാമൂഹിക ആഘാത പഠനം തുടരാന്‍ നടപടി തുടങ്ങി സര്‍ക്കാര്‍. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന്‍റെ നിയമോപദേശം തേടി. പഠനം തുടരാമെന്ന നിയമോപദേശമാണ് എജി നല്‍കിയിരിക്കുന്നത്. വിവിധ ജില്ലകളില്‍ പഠനം നടത്തുന്ന ഏജന്‍സികളെ കൊണ്ട് പഠനം തുടരാമെന്ന് അഡ്വക്കേറ്റ് ജനറല്‍ റവന്യൂ വകുപ്പിന് നിയമോപദേശം നല്‍കി.
ആറ് മാസത്തിനുള്ളില്‍ സാമൂഹിക ആഘാത പഠനം പൂര്‍ത്തിയാക്കണമെന്നായിരുന്നു ചട്ടം. എന്നാല്‍ ആറ് മാസമെന്ന കാലാവധി അവസാനിച്ചതിനാല്‍ പഠനം നിലച്ചപ്പോഴാണ് റവന്യൂ വകുപ്പ് നിയമോപദേശം തേടിയത്. ഏജന്‍സികളുടെ പ്രശ്‌നം കൊണ്ടല്ല പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്ന് എജി വിലയിരുത്തി.
പഠനത്തിനും സര്‍വേക്കുമെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും നടപടികളെ വൈകിപ്പിച്ചുവെന്നും വിലയിരുത്തിയാണ് എജി അതേ ഏജന്‍സികളെ കൊണ്ട് പഠനം തുടരാമെന്ന് നിയമപദേശം നല്‍കിയിരിക്കുന്നത്. ജില്ലകളില്‍ ജില്ല കലക്‌ടര്‍മാര്‍ വിവിധ ഏജന്‍സികളെ കൊണ്ടാണ് പഠനം നടത്തുന്നത്.
നിലവിലെ ഏജന്‍സികള്‍ അല്ലെങ്കില്‍ പുതിയ ടെന്‍ഡര്‍ വിളിച്ച് ഏജന്‍സികളെ തെരഞ്ഞെടുക്കാമെന്നും നിയമോപദേശത്തിലുണ്ട്. നിയമോപദേശം റവന്യൂ വകുപ്പ് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ഇത് കൂടാതെ സാമൂഹിക ആഘാത പഠനം തുടരാനുള്ള അനുമതിക്കായുള്ള ഫയലും റവന്യൂ വകുപ്പ് മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്. മന്ത്രിസഭാ യോഗമാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.