തിരുവനന്തപുരം: അനിശ്ചിതത്തിനൊടുവില്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. പൊതുഭരണ സെക്രട്ടറി കെ.ആര്‍ ജ്യോതിലാലിനെ സര്‍ക്കാര്‍ മാറ്റിയതിന് പിന്നാലെയാണ് നടപടി. പേഴ്‌സണ്‍ സ്റ്റാഫിന്‍റെ പെന്‍ഷന്‍ അടക്കമുള്ള പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി.
നാളെ ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തെ അനിശ്ചിതത്വത്തിലാക്കി നയപ്രഖ്യാപന പ്രസംഗത്തില്‍ ആദ്യം ഗവര്‍ണര്‍ ഒപ്പ് വയ്ക്കാന്‍ തയ്യാറായിരുന്നില്ല. സര്‍ക്കാര്‍ കൈമാറിയ നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കാനാകില്ലെന്ന കര്‍ശന നിലപാടാണ് ഗവര്‍ണര്‍ ആദ്യം സ്വീകരിച്ചത്.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചതായി ഉത്തരവിറക്കിയാല്‍ മാത്രമേ നയപ്രഖ്യാപനത്തില്‍ ഒപ്പിടാനാകൂ എന്ന നിലപാടില്‍ ഗവര്‍ണർ ഉറച്ചു നിന്നു. ഇത് സംബന്ധിച്ച് പൊതുഭരണ സെക്രട്ടറി കെ.ആർ ജ്യോതിലാല്‍ നല്‍കിയ കത്തിലൂടെ താന്‍ അപമാനിക്കപ്പെട്ടെന്നാണ് ഗവര്‍ണറുടെ നിലപാട്.
ഗവര്‍ണറുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബിജെപി നേതാവായ ഹരി എസ് കര്‍ത്തയെ നിയമിക്കുന്നതില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിഷേധ സമീപനവും ഗവര്‍ണറെ പ്രകോപിപ്പിക്കുന്നതിന് കാരണമായതായാണ് വിവരം. നാളെ രാവിലെ 9ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക. ഈ പ്രസംഗം മന്ത്രിസഭ അംഗീകരിച്ച ശേഷം ഗവര്‍ണറുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുകയാണ് പതിവ്.
അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി നേരിട്ടെത്തി
ഗവര്‍ണറെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനില്‍ നേരിട്ടെത്തിയെങ്കിലും ഗവര്‍ണര്‍ വഴങ്ങിയില്ല. ഇതോടെ ഗവര്‍ണറെ അനുനയിപ്പിക്കാനുള്ള ശ്രമം ഉപേക്ഷിച്ച് മുഖ്യമന്ത്രി മടങ്ങി. പിന്നാലെ പൊതുഭരണ സെക്രട്ടറി കെ.ആര്‍ ജ്യോതിലാലിനെ സര്‍ക്കാര്‍ മാറ്റി. ഇതോടെയാണ് നയപ്രഖ്യാപനത്തില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ തയ്യാറായത്.
ഒന്നാം പിണറായി സര്‍ക്കാരിന്‍റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റിന് മുന്നോടിയായുള്ള നയപ്രഖ്യാപനത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പരമാര്‍ശങ്ങള്‍ നീക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടെങ്കിലും അവസാന നിമിഷം ഒപ്പിടുകയായിരുന്നു. പിന്നീട് നയപ്രഖ്യാപന പ്രസംഗത്തില്‍ ഈ ഭാഗം വായിക്കാതെയാണ് ഗവര്‍ണര്‍ നയപ്രഖ്യാപനം പൂര്‍ത്തിയാക്കിയത്.
Also read: പരിഹാരമായില്ല; കെഎസ്ഇബിയില്‍ തർക്ക പരിഹാരത്തിന് നാളെ യൂണിയനുകളുമായി ചര്‍ച്ച