തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക് 50 കോടി ധനസഹായം അനുവദിച്ച് സർക്കാർ. ശമ്പള വിതരണത്തിന് 50 കോടി രൂപ അടിയന്തരമായി കെഎസ്‌ആർടിസിക്ക് സർക്കാർ കൈമാറണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് തീരുമാനം. കെഎസ്‌ആർടിസിക്ക് ഈ തുക ഉപയോഗിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളത്തിന്‍റെ മൂന്നിലൊന്ന് നൽകാനാകും.
കെഎസ്‌ആർടിസിക്ക് 103 കോടി രൂപ നൽകണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ശമ്പള വിതരണത്തിന് 50 കോടി രൂപ അടിയന്തരമായി സർക്കാർ കെഎസ്‌ആർടിസിക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. ബാക്കി കുടിശികയ്‌ക്ക് പകരം വൗച്ചറുകളും കൂപ്പണുകളും നൽകണം.
കൂപ്പണുകളും വൗച്ചറുകളും സ്വീകരിക്കാത്ത ജീവനക്കാരുടെ ബാക്കിയുള്ള ശമ്പളം കുടിശികയായി നിലനിർത്താനും കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞു. ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റേതായിരുന്നു നിർദേശം.
അതേസമയം ശമ്പള വിതരണത്തിനായി 15 കോടി രൂപ മാത്രമാണ് കൈവശമുള്ളതെന്ന് കെഎസ്‌ആർടിസി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പള കുടിശികയിൽ ഒരു മാസത്തെ ശമ്പളം നൽകാൻ പോലും 50 കോടി തികയില്ലെന്നും കെഎസ്‌ആർടിസി വ്യക്‌തമാക്കിയിരുന്നു.