തിരുവനന്തപുരം: അമിത മദ്യാസക്തിയുളളവര്‍ക്ക് സര്‍ക്കാര്‍ ഡോക്‌ടറുടെ കുറിപ്പടി ഉപയോഗിച്ച് മദ്യം വാങ്ങാമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ കേരള സര്‍ക്കാര്‍ മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍. മദ്യത്തിന് കുറിപ്പടി നല്‍കില്ലെന്ന് കെ.ജി.എം.ഒ.എ അധികൃര്‍ അറിയിച്ചു.
കുറിപ്പടി നല്‍കാത്തതിന് നടപടിയെടുത്താല്‍ ജോലിയില്‍ നിന്നും വിട്ടുനില്‍കുമെന്നും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന വ്യക്തമാക്കി. കേരളത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൊവിഡ് രോഗ പ്രതിരോധത്തില്‍ ശ്രദ്ധിക്കുകയാണെന്നും അതിനിടെ മദ്യത്തിന് കുറിപ്പടി നല്‍കേണ്ട ഡോക്ടര്‍മാരുടെ അവസ്ഥ ദൗര്‍ഭാഗ്യകരമാണെന്നും കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്‍റ് ഡോക്ടര്‍ ജോസഫ് ചാക്കോ പറഞ്ഞു.
സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറിക്കിയ ഉത്തരവ് പ്രകാരം ഡോക്‌ടറുടെ കുറിപ്പടി എക്‌സൈസ് ഓഫീസില്‍ ഹാജരാക്കിയാല്‍ മദ്യത്തിനുളള പാസ് അനുവദിക്കും. പാസിന്‍റെ അടിസ്ഥാനത്തില്‍ നിയന്ത്രിത അളവില്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം എക്‌സൈസ് ഓഫീസില്‍ നിന്നും നല്‍കും.