തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ തങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് സ്വപ്‌ന സുരേഷിൻ്റെ ഇപ്പോഴുള്ള വെളിപ്പെടുത്തലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേസിൽ പുനരന്വേഷണം വേണമെന്നും താൻ പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞതിൽ സന്തോഷമുണ്ടെന്നും ചെന്നിത്തല പ്രതികരിച്ചു.
നയതന്ത്ര ബാഗേജിൽ എന്താണെന്ന് ശിവശങ്കറിന് അറിയാമായിരുന്നുവെന്നും അത് വിട്ടുകെട്ടാൻ മുഖ്യമന്ത്രിയുടെ ഓഫിസ് ദുരുപയോഗപ്പെടുത്തിയെന്നും ഇതിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നും ചെന്നിത്തല പ്രതികരിച്ചു. സ്‌പ്രിംഗ്ലര്‍ വിഷയത്തിൽ ശിവശങ്കറിന് വേണ്ടി പ്രതികരിച്ച മുഖ്യമന്ത്രിക്ക് മൗനം ആണോയെന്നും ചെന്നിത്തല ചോദിച്ചു.
സർവീസിലിരിക്കെ ശിവശങ്കറിന് എങ്ങനെ പുസ്‌തകം പ്രസിദ്ധീകരിക്കാൻ കഴിയും. ശിവശങ്കറിനെതിരെ നടപടിയെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കേന്ദ്ര ഏജൻസികൾ അന്വേഷിച്ച സ്വർണക്കടത്ത് കേസ് എങ്ങുമെത്താത്തത് സിപിഎം - ബിജെപി ധാരണയാണെന്നും ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് സ്വർണക്കടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ചപ്പോൾ സിപിഎം സൈബർ ഗുണ്ടകൾ തന്നെ ആക്രമിക്കുകയാണ് ചെയ്‌തത്. ഇപ്പോൾ അവർ തന്നോട് മാപ്പു പറയട്ടേയെന്നും ചെന്നിത്തല പരിഹസിച്ചു.
READ MORE: 'ചൂഷണത്തിനിരയായി, തന്നെ നശിപ്പിച്ചതിൽ ശിവശങ്കറിന് വലിയ പങ്ക്' ; വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്