തിരുവനന്തപുരം : തമ്പാനൂരിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഗായത്രിയുടെ കാമുകൻ പ്രവീണിനെ പൊലീസ് പിടികൂടി. കൊല്ലം പറവൂരിൽവച്ചാണ് ഇയാൾ അറസ്റ്റിലായത്. ഇന്ന് രാവിലെയാണ് ഗായത്രിയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
നഗരത്തിലെ ജ്വല്ലറിയില്‍ ഗായത്രിയും പ്രവീണും ജീവനക്കാരായിരുന്നു. എന്നാൽ 8 മാസങ്ങൾക്ക് മുമ്പ് ഗായത്രി ജോലി ഉപേക്ഷിച്ചു. ഏറെ നാളായി ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. ഭാര്യയും ഒരു കുട്ടിയുമുള്ള പ്രവീൺ ഇന്നലെ ഗായത്രിയെ താലിചാർത്തിയ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വൈകിട്ട് പ്രവീൺ പുറത്ത് പോവുകയായിരുന്നുവെന്നാണ് ഹോട്ടൽ ജീവനക്കാർ കരുതിയത്. എന്നാൽ മുറി പൂട്ടി കടന്നുകളയുകയായിരുന്നു. പുലർച്ചയോടെ റൂമിൽ ഒരാൾ ഉണ്ടെന്ന് ഹോട്ടലിൽ ഫോൺ സന്ദേശം ലഭിച്ചു. വിവരം അറിഞ്ഞ് പൊലീസെത്തി മുറി പരിശോധിച്ചപ്പോഴാണ് ഗായത്രിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
ALSO READ: തിരുവനന്തപുരത്ത് ഹോട്ടൽ മുറിയിൽ യുവതി മരിച്ച നിലയിൽ
വിഷം ഉള്ളിൽ ചെന്നതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രവീണിനെ ചോദ്യം ചെയ്യുന്നതോടെ മരണത്തിന്‍റെ ചുരുളഴിയുമെന്നാണ് പൊലീസ് കരുതുന്നത്. അമ്മയ്ക്കും സഹോദരിക്കുമൊപ്പം കാട്ടാക്കടയിൽ താമസിച്ചിരുന്ന ഗായത്രിയെ ഇന്നലെ മുതൽ കാണ്‍മാനില്ലെന്ന് പൊലീസിൽ പരാതി ലഭിച്ചിരുന്നു. തുടർന്ന് തിരച്ചിൽ നടക്കുമ്പോഴാണ് മരണവിവരം അറിയുന്നത്.