തിരുവനന്തപുരം: 2023ല്‍ ഇന്ത്യയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയുടെ അനുബന്ധ പരിപാടികള്‍ക്ക് കേരളവും വേദിയാകും. ജനുവരി മുതല്‍ ഒക്ടോബര്‍ വരെ നടക്കുന്ന ഉച്ചകോടിയുടെ അനുബന്ധ പരിപാടികള്‍ക്കാണ് കൊച്ചിയേയും പരിഗണിക്കുന്നത്. ജി 20 രാജ്യങ്ങളുടെ മന്ത്രിതല ഉച്ചകോടിക്കാണ് കൊച്ചി പരിഗണിക്കപ്പെടുന്നത്.
ഉച്ചകോടിയുടെ ഭാഗമായി മന്ത്രിതല യോഗങ്ങള്‍, സെമിനാറുകള്‍ എന്നിവയടക്കം 160 അനുബന്ധ പരിപാടികളാണ് സംഘടിപ്പിക്കപ്പെടുന്നത്. സാധാരണ ഉച്ചകോടി നടക്കുന്ന രാജ്യത്തെ തലസ്ഥാനത്താകും എല്ലാ പരിപാടികളും നടക്കുക. എന്നാല്‍ ഇതില്‍ മാറ്റം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് രാജ്യ വ്യാപകമായി പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കൊച്ചിയില്‍ മന്ത്രിതല ഉച്ചകോടി നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ പരിശോധന തുടങ്ങി കഴിഞ്ഞു. വിദേശകാര്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ഈനം ഗംഭീറിന്‍റെ നേതൃത്വത്തിലുളള ഉന്നത ഉദ്യോഗസ്ഥ സംഘം കൊച്ചി സന്ദര്‍ശിച്ചു.
സൗകര്യങ്ങള്‍ തൃപ്‌തികരം: സംസ്ഥാന ഉന്നത ഉദ്യോഗസ്ഥര്‍, കേരള പൊലീസ് എന്നിവരുടെ സംയുക്ത യോഗം എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്നിരുന്നു. കൊച്ചിയുടെ സൗകര്യങ്ങള്‍ ഉദ്യോഗസ്ഥ സംഘം പരിശോധിച്ചു. വിമാനത്താവളത്തില്‍ നിന്നും യാത്ര സൗകര്യം, സുരക്ഷ, അടിസ്ഥാന സൗകര്യങ്ങള്‍, കാലവസ്ഥ, മുറികളിലെ സൗകര്യം എന്നിവയാണ് ഉദ്യോഗസ്ഥ സംഘം പരിശോധിച്ചത്.
കൊച്ചിയുടെ സൗകര്യങ്ങളില്‍ ഉദ്യോഗസ്ഥ സംഘം തൃപ്‌തരാണെന്നാണ് വിവരം. കൊച്ചിയെ വേദിയായി അംഗീകരിക്കപ്പെട്ടാല്‍ ലോകത്തെ തന്നെ പ്രമുഖ്യ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഉച്ചകോടിക്ക് വേദിയാകാനുള്ള അവസരമാകും ലഭിക്കുക. ഇന്ത്യയെ കൂടാതെ അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി, ചൈന തുടങ്ങിയ 20 രാജ്യങ്ങളാണ് ഉച്ചകോടിയില്‍ അംഗമായിട്ടുള്ളത്. പ്രധാന ഉച്ചകോടി ഡല്‍ഹിയിലാകും നടക്കുക. കഴിഞ്ഞ തവണ ഉച്ചകോടി നടന്ന ഇന്തോനേഷ്യയില്‍ നിന്നാണ് ഇന്ത്യ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്.