തിരുവനന്തപുരം: അമരവിള ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടയിൽ പഴകിയ മത്സ്യം പിടികൂടി. പോണ്ടിച്ചേരിയിൽ നിന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിൽക്കാനായി കൊണ്ടുവന്ന പഴകിയതും ഫോർമാലിൻ കലർന്നതുമായ 4000 കിലോയോളം ചെമ്മീനാണ് പിടികൂടിയത്.
111 പെട്ടികളിലായി ശീതീകരിച്ച കണ്ടെയ്‌നര്‍ വാഹനത്തിലാണ് മത്സ്യം കടത്താൻ ശ്രമിച്ചത്. ലോക്ക് ഡൗണിന്‍റെ ഭാഗമായി അമരവിള ചെക്ക് പോസ്റ്റില്‍ തുടരുന്ന ഓപ്പറേഷൻ സാഗർ റാണി സ്ക്വാഡാണ് മത്സ്യം പിടികൂടിയത്. ഫുഡ് സേഫ്റ്റി, റവന്യൂ, പൊലീസ്, എക്‌സൈസ് തുടങ്ങി എല്ലാ വകുപ്പും ചേർന്നാണ് സ്ക്വാഡ് രൂപീകരിച്ചിരിക്കുന്നത്. പിടിച്ചെടുത്ത മത്സ്യം മുനിസിപ്പാലിറ്റിക്ക് കൈമാറി. മുനിസിപ്പാലിറ്റി പഴകിയ മത്സ്യം മറവുചെയ്യുമെന്ന് അറിയിച്ചു.