തിരുവനന്തപുരം: കൊവിഡ് 19 പരിശോധനക്കായി നാല് സര്‍ക്കാര്‍ ലാബുകള്‍ കൂടി അനുവദിച്ചു. എറണാകുളം, കോട്ടയം, കണ്ണൂര്‍, മഞ്ചേരി മെഡിക്കല്‍ കോളജുകളിലാണ് കൊവിഡ് 19 പരിശോധനക്കുള്ള റിയല്‍ ടൈം പിസിആര്‍ ലാബുകള്‍ തയാറായിരിക്കുന്നത്. ഇതിൽ എറണാകുളം മെഡിക്കല്‍ കോളജിന് ഐസിഎംആര്‍ അനുമതി ലഭിച്ചതോടെ പ്രവര്‍ത്തനം ആരംഭിച്ചു. മറ്റ് മൂന്ന് ലാബുകള്‍ക്ക് ഐസിഎംആറിന്‍റെ അനുമതി ലഭിച്ചാല്‍ ഉടന്‍ പരിശോധനകള്‍ തുടങ്ങും.
സംസ്ഥാനത്ത് കൊവിഡ് പരിശോധനകള്‍ വേഗത്തിലാക്കാന്‍ പത്ത് റിയല്‍ ടൈം പിസിആര്‍ മെഷീനുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതുപയോഗിച്ചാണ് പുതിയ ലാബുകള്‍ സജ്ജമാക്കിയത്. എറണാകുളം മെഡിക്കല്‍ കോളജിന് കൂടി ഐസിഎംആര്‍ അനുമതി ലഭിച്ചതോടെ കേരളത്തില്‍ 11 സര്‍ക്കാര്‍ ലാബുകളാണ് കൊവിഡ് 19 പരിശോധനക്കായി പ്രവര്‍ത്തിക്കുന്നത്. ഇതിന് പുറമെ കോഴിക്കോട്, എറണാകുളം ജില്ലകളിലെ രണ്ട് സ്വകാര്യ ലാബകളിലും പരിശോധന നടക്കുന്നുണ്ട്.