തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ സസ്പെന്‍ഷന്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. എം ശിവശങ്കറിനെ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥതല സമിതി ശിപാര്‍ശ ചെയ്‌തിരുന്നു. ഈ ശിപാർശ അംഗീകരിച്ചാണ് ഇപ്പോൾ സർക്കാർ ഉത്തരവിറങ്ങിയിരിക്കുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു അന്തിമ തീരുമാനമെടുത്തത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുമായുള്ള ബന്ധത്തെത്തുടര്‍ന്ന് 2019 ജൂലായ് 14നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്‌തത്. രണ്ട് വര്‍ഷത്തിലധികമായി ശിവശങ്കര്‍ സസ്‌പെന്‍ഷനിലായിരുന്നു.
ഐഎഎസ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ ആറ് മാസം കൂടുമ്പോള്‍ പുനപ്പരിശോധിക്കുന്നതാണ് നിലവിലെ രീതി. ഇതിന്‍റെ അടി സ്ഥാനത്തിലാണ് ഉദ്യോഗസ്ഥ സമിതി സസ്‌പെന്‍ഷന്‍ തീരുമാനം പുനപ്പരിശോധിച്ചത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അവ്യക്തത തുടരുന്ന സാഹചര്യത്തിലാണ് ശിവശങ്കറിന്‍റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് സമിതി ശിപാര്‍ശ ചെയ്‌തത്.
ശിവശങ്കറിനെതിരായ പ്രധാന കേസുകളിലൊന്ന് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്‌ത ഡോളര്‍ കടത്ത് കേസാണ്. ഈ കേസിന്‍റെ വിശദാംശങ്ങള്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി കസ്റ്റംസില്‍ നിന്ന് തേടിയിരുന്നു. ഡിസംബര്‍ 30നകം വിശദാംശങ്ങള്‍ നല്‍കാനാണ് ആവശ്യപ്പെട്ടത്.
എന്നാല്‍ കസ്റ്റംസിന്‍റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ല. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ശിവശങ്കറിന്‍റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന ശിപാര്‍ശ സമിതി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. ഇതാണ് മുഖ്യമന്ത്രി അഗീകരിച്ചിരിക്കുന്നതും.
Also read: കെ റെയിൽ സര്‍വേ കല്ലുകള്‍ പിഴുതറിയും, മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെ. സുധാകരൻ