തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തം ഷോർട്ട് സർക്യൂട്ട് മൂലം അല്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്. ഷോർട്ട് സർക്യൂട്ട് കണ്ടെത്താനായില്ലെന്ന് ഫൊറൻസിക് വിഭാഗം തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. തീപിടിത്തത്തിന് കാരണമായി കരുതിയിരുന്ന ഫാനടക്കമുള്ള വസ്തുക്കൾ പരിശോധിച്ചാണ് ഫൊറൻസിക് വിഭാഗം റിപ്പോര്‍ട്ട് തയാറാക്കിയത്. തീപിടിത്തമുണ്ടായ മുറിയിലെ ഫാൻ, സ്വിച്ച് ബോർഡ് എന്നിവ കത്തി നശിച്ചു. പക്ഷേ മുറിയിൽ സൂക്ഷിച്ചിരുന്ന സാനിറ്റൈസറിൽ തീ കത്തിയിട്ടില്ല. ഫയർ എസ്‌റ്റിഗ്യുഷനും പരിശോധിച്ച ശേഷമാണ് റിപ്പോർട്ട് തയാറാക്കിയതെന്നും ഫൊറൻസിക് വിഭാഗം കോടതിയിൽ വ്യക്തമാക്കി.
തീപിടിത്തം സംബന്ധിച്ച് സർക്കാർ നിയോഗിച്ച ചീഫ് സെക്രട്ടറി അധ്യക്ഷനായ വിദഗ്ധ സമിതിയുടെ കണ്ടെത്തലുകൾ തള്ളുന്നതാണ് ഫൊറൻസിക് വിഭാഗത്തിന്‍റെ റിപ്പോർട്ട്. തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് ആണെന്നായിരുന്നു വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. പൊലീസ് അന്വേഷണത്തിന്‍റെ ഭാഗമായി നടന്ന ഫൊറൻസിക് പരിശോധന റിപ്പോർട്ട് ഡിജിപിക്ക് നൽകിയ ശേഷമാണ് കോടതിയിൽ സമർപ്പിച്ചത്.