തിരുവനന്തപുരം: ലോക്ക്‌ഡൗണ്‍ ഒരുപാട് ജീവിതങ്ങളാണ് മാറ്റിമറിച്ചത്. അത്തരമൊരു കഥയാണ് തിരുവനന്തപുരം കോവളം സ്വദേശി അരുണ്‍ ചന്ദ്രന്‍റേതും. ലോക്ക്‌ഡൗണ്‍ വന്നില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ അരുണിന്‍റെ ജീവിതത്തില്‍ ഇന്ന് മിരാന്‍ഡയും സായിയും ഉണ്ടാകില്ലായിരുന്നു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഇംഗ്ലണ്ടുകാരിയായ മിരാൻഡ (മിമി) കേരളത്തിലേക്ക് ആദ്യമായി വരുന്നത്. ആ സമയത്താണ് ലോക്ക്‌ഡൗണ്‍ ആരംഭിച്ചതും. ഇതോടെ മടക്ക യാത്ര നടന്നില്ല. കോവളത്തെ വീട്ടിൽ മിരാൻഡ ഓമനിച്ചു വളർത്തുന്ന നായ്ക്കുട്ടി ഒരു ദിവസം പുറത്തേക്ക് ഓടി. സമീപവാസിയായ അരുണാണ് നായ്ക്കുട്ടിയെ പിടിച്ച് മിരാന്‍ഡയ്ക്ക് തിരികെ നല്‍കിയത്.
അന്ന് മുതൽ തുടങ്ങിയ പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഒന്നിച്ചു ജീവിക്കാൻ അരുണും മിരാന്‍ഡയും തീരുമാനിച്ചു. ഇതിനിടെ മിരാൻഡ ഗർഭിണിയായി. ഒന്നര മാസം മുൻപാണ് ഇവരുടെ ജീവിതത്തിലേക്ക് സായി കടന്നു വന്നത്.
Also read: താങ്ങായി തണലായി അച്ഛൻ ഒപ്പം ; അറിയാം ഫാദേഴ്‌സ് ഡേയുടെ ചരിത്രം
കൊറോണ കാലത്ത് ജനിച്ചതിനാൽ കൊറോണ എന്ന് തീരുമാനിച്ചെങ്കിലും പിന്നീട് വേണ്ടെന്ന് വച്ചു. സായി ആർതർ ലിറ്റിൽ ഫുഡ് എന്നാണ് സായിടെ മുഴുവൻ പേര്. കൊവിഡ് വ്യാപനം കുറഞ്ഞ് ലോകം സാധാരണ നിലയിലേക്ക് എത്തുമ്പോൾ നാട്ടിലേക്ക് പോകുമെന്ന് മിരാൻഡ പറഞ്ഞു.
അതിനു മുൻപ് ഇവിടുത്തെ ആചാരമനുസരിച്ച് വിവാഹ ചടങ്ങ് നടത്തും. വിദേശത്തേക്കാൾ കുഞ്ഞിനും തനിക്കും ഇവിടെയാണ് ഇഷ്‌ടമെന്നും മിരാൻഡ പറയുന്നു. കോവളം ബീച്ചിൽ സർഫിങ് പരിശീലകനാണ് അരുൺ ചന്ദ്രൻ. ഇംഗ്ലണ്ടില്‍ സ്വകാര്യ സംരംഭകയാണ് മിരാൻഡ.