തിരുവനന്തപുരം: അമിതവേഗത്തിലെത്തിയ കാർ ബൈക്കിലിടിച്ച് പിതാവിനും മകനും ദാരുണാന്ത്യം. നഗരൂർ മുണ്ടയിൽകോണം കരിക്കകത്തിൽ വീട്ടിൽ നന്തായ്വനം സ്വദേശി പ്രദീപ് എന്ന സുനിൽ കുമാർ (45), ഇളയ മകൻ ശ്രീദേവ് (5) എന്നിവരാണ് മരിച്ചത്. ശനിയാഴ്‌ച രാത്രി ഒൻപത് മണിയോടെ കിളിമാനൂർ- നഗരൂർ റോഡിലാണ് അപകടമുണ്ടായത്. മൂത്തമകൻ ശ്രീഹരി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
നഗരൂരിലെ പലചരക്ക് കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു സുനിൽകുമാറും മക്കളും. ഇതിനിടെ കിളിമാനൂർ ഭാഗത്തു നിന്നും അമിത വേഗത്തിൽ വന്ന കാർ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന് മുന്നിൽ ഇരിക്കുകയായിരുന്ന ശ്രീദേവ് ദൂരേക്ക് തെറിച്ചുപോവുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു.
അതേസമയം അപകടത്തിനിരയാക്കിയ കാറിലുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരും അമിതമായി മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണെന്നും അതിനുശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.