തിരുവനന്തപുരം: ലോട്ടറി ടിക്കറ്റിൽ വ്യാജ നമ്പർ പതിപ്പിച്ച് പണം തട്ടിയെടുത്ത പ്രതി പിടിയില്‍. കന്യാകുമാരി വിളവുകോട് സ്വദേശി സെയ്ദാലിയാണ് പാറശ്ശാല പൊലീസിൻ്റെ പിടിയിലായത്. ലോട്ടറി ടിക്കറ്റ് വിൽപന നടത്തുന്ന പ്ലാമൂട്ടുക്കട സ്വദേശി മഹേഷിന് സമ്മാനം അടിച്ച ടിക്കറ്റിന്‍റെ നമ്പര്‍ വ്യാജമായി പതിച്ച ടിക്കറ്റ് നൽകുകയായിരുന്നു. ആറ് മാസം മുമ്പും ഇത്തരത്തിൽ വ്യാജ നമ്പർ പതിച്ച് 5000 രൂപ സമ്മാനം അടിച്ചതായി പറഞ്ഞ് 2500 രൂപയും ലോട്ടറി ടിക്കറ്റുകളും തട്ടിയെടുത്ത് കടന്നിരുന്നു. കസ്റ്റഡിയിൽ എടുത്ത സമയം പ്രതിയുടെ കൈവശം നിർമ്മൽ ഭാഗ്യക്കുറിയുടെ സമ്മാനം അടിച്ച നമ്പരുകൾ പതിപ്പിച്ച നിരവധി വ്യാജ ലോട്ടറി ടിക്കറ്റു കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നമ്പർ വെട്ടിമാറ്റിയതും ഒട്ടിച്ചെടുത്തതുമായി നിരവധി ലോട്ടറി ടിക്കറ്റുകളും കണ്ടെടുത്തു. ഇയാളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 2018 ല്‍ സമാന കേസില്‍ നെയ്യാർഡാം പൊലീസ് സെയ്തലിയെ പിടികൂടിയിരുന്നു.