തിരുവനന്തപുരം : പൂവാറിലെ നിരോഷ മെഡിക്കൽ ഷോപ്പിൽ ഡ്രഗ്‌സ് കൺട്രോൾ ബോർഡ് നടത്തിയ പരിശോധനയിൽ വ്യാജ ഗുളിക കണ്ടെത്തി. ഫെവിമാക്സ് 400 എന്ന മരുന്നാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ഹിമാചൽ പ്രദേശ് കേന്ദ്രമാക്കി നിർമ്മാണം നടത്തുന്ന ഈ ഗുളികയുടെ ഉത്പാദകരും വ്യാജൻമാരാണെന്ന് കണ്ടെത്തി.
വ്യാജ മേൽവിലാസത്തിൽ നിർമിച്ച് വിതരണം ചെയ്യുന്ന ഗുളിക കേരളത്തിൽ കൊവിഡ് ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് ഉപയോഗിച്ചുവന്നിരുന്നുവെന്നും പരിശോധനാസംഘം കണ്ടെത്തി. വൈറൽ ഇൻഫെക്ഷനെന്ന പേരില്‍ ഇറക്കിയ ഗുളിക ഗുജറാത്തിലെ ഒരു ലാബിൽ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
പരിശോധനയിൽ ആണ് ഇതിന് ഗുണനിലവാരമില്ലെന്ന് മനസ്സിലാക്കിയത്. ഇവ കേരളത്തിലും വിൽപ്പന നടത്തുന്നുവെന്ന വിവരത്തെ തുടർന്നാണ് മെഡിക്കൽ ഷോപ്പുകളിൽ ഡ്രഗ്‌സ് കൺട്രോൾ ബോർഡ് പരിശോധന നടത്തിയത്.
ALSO READ: ധനവിനിയോഗ ബില്‍ പാസാക്കി; നിയമസഭ പിരിഞ്ഞു
ഓൺലൈനിലൂടെയാണ് ഈ മരുന്നുകൾ വാങ്ങിയതെന്ന് മെഡിക്കൽ ഷോപ്പ് ഉടമ രാജീവ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി. ഡ്രഗ്‌സ് കൺട്രോൾ ബോർഡ് ഇൻസ്പെക്ടർ സജുവിന്‍റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. പരിശോധന കർശനമാക്കുമെന്ന് ഡ്രഗ്‌സ് കൺട്രോൾ ബോർഡ് അറിയിച്ചു.