തിരുവനന്തപുരം : മാലിന്യ സംസ്‌കരണത്തിൽ വീണ്ടും അതൃപ്‌തി ഉന്നയിച്ച് തിരുവനന്തപുരം നഗരസഭ കൗൺസിലിൽ പ്രതിപക്ഷം. നഗരത്തിൽ വീണ്ടും മാലിന്യ നിക്ഷേപം രൂക്ഷമായതോടെയാണ് ക്രമക്കേടും കെടുകാര്യസ്ഥതയും ഉന്നയിച്ച് ബി.ജെ.പി രംഗത്തെത്തിയത്.
അജൈവ മാലിന്യ ശേഖരണത്തിൻ്റെ കരാർ എടുത്തിട്ടുള്ള ഏജൻസികൾ പ്ലാസ്റ്റിക് അടക്കം നഗരസഭയിൽ നിന്ന് വാങ്ങി നഗരത്തിൽ തന്നെ പലയിടത്തായി വലിച്ചെറിയുന്നുവെന്നാണ് ആരോപണം. കൂടാതെ കരാർ എടുത്തിട്ടുള്ള രണ്ട് ഏജൻസികളുടെ പ്രവർത്തനം നിരീക്ഷിക്കാൻ നഗരസഭ ഉപസമിതിയെ വയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
സർവീസ് പ്രൊവൈഡർമാരായി കരാറെടുത്ത കമ്പനികൾ സേവനം നൽകുന്നില്ല. കിച്ചൻ ബിന്നിൽ ഉപയോഗിക്കേണ്ട ഇനാക്കുലം എന്ന രാസവസ്തു എത്തിച്ച് നൽകുന്നില്ല. സമയബന്ധിതമായി കിച്ചൻ ബിന്നിൽ നിന്നുള്ള വളം ശേഖരിച്ച് നീക്കം ചെയ്യുകയോ മെയിൻ്റനൻസ് നടത്തുകയോ ചെയ്യുന്നില്ല എന്നീ ആരോപണങ്ങളാണ് പ്രതിപക്ഷ കൗൺസിലർമാർ ചൂണ്ടിക്കാട്ടിയത്.
ഏജൻസികൾ പ്രവർത്തിക്കുന്ന സ്ഥലം ആരോഗ്യ വിഭാഗം സന്ദർശിച്ച് ഇവർക്ക് പ്രവർത്തനാനുമതി ഉണ്ടോ, ശേഖരിക്കുന്ന മാലിന്യം എന്തുചെയ്യുന്നു തുടങ്ങിയ കാര്യങ്ങൾ ഉറപ്പുവരുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മാലിന്യ സംസ്‌കരണത്തിന് നഗരസഭയിൽ നിന്ന് പണം വാങ്ങി ഏജൻസികൾ തട്ടിപ്പ് നടത്തുകയാണെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.
ALSO READ: മറുകണ്ടം ചാടി പ്രധാന നേതാക്കൾ ; കേരളത്തിൽ കോണ്‍ഗ്രസിന് അടിതെറ്റുന്നോ ?
പാർവതി പുത്തനാറിൻ്റെ ഇരുകരകളിലുമടക്കം, മാലിന്യ നിക്ഷേപത്തിനുള്ള ശിക്ഷയും ക്യാമറ നിരീക്ഷണ മുന്നറിയിപ്പും വിശദീകരിച്ച് നഗരസഭ സെക്രട്ടറിയുടെ പേരിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഒരിടത്തും ക്യാമറ സ്ഥാപിച്ചിട്ടില്ലെന്നും ബി.ജെ.പി ആരോപിച്ചു.