തിരുവനന്തപുരം/പത്തനംതിട്ട: കോന്നിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.യു ജനീഷ് കുമാറിനെതിരെ പരീക്ഷാ ക്രമക്കേട് ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. 2003 ൽ നടന്ന ബി.എ എക്കണോമിക്‌സ് അവസാനവർഷ പരീക്ഷയിൽ ക്രമക്കേട് നടത്തിയതിനെ തുടര്‍ന്ന് ജനീഷ് കുമാറിനെ ഡീബാര്‍ ചെയ്തെന്നാണ് കെ.പി.സി.സി സെക്രട്ടറി ജ്യോതികുമാർ ചാമക്കാല ആരോപണം ഉന്നയിച്ചിരിക്കുന്നത്.
റാന്നി സെന്റ് തോമസ് കോളജിൽ 174018 എന്ന രജിസ്റ്റർ നമ്പറിൽ പരീക്ഷയെഴുതിയ ജനീഷ് കുമാറിനെ 2003 ജൂലൈ 4 നും 23 നും ചേർന്ന എക്സാമിനേഷൻ സ്റ്റാന്‍ഡിങ്ങ് കമ്മറ്റിയാണ് ഡീബാർ ചെയ്തത്. പി.എസ്.സിയിലും യൂണിവേഴ്‌സിറ്റിയിലും പരീക്ഷാ തട്ടിപ്പ് നടത്തുന്ന എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ നേതാക്കളുടെ പ്രതിനിധിയാണ് ജനീഷ് കുമാറെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥിയുടെ വിശ്വാസ്യത കോന്നിയിലെ ജനങ്ങൾ പരിശോധിക്കണമെന്നും ചാമക്കാല പറഞ്ഞു.