തിരുവനന്തപുരം: വോട്ടര്‍ പട്ടികയിലെ ഇരട്ട വോട്ടുവിവരം പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലക്ക് ലഭിച്ച സംഭവത്തില്‍ വോട്ടര്‍ പട്ടിക ചോര്‍ന്നതു തന്നെയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസിലെ ഉദ്യോഗസ്ഥര്‍ ക്രൈം ബ്രാഞ്ചിനു മൊഴി നല്‍കി. മുഖ്യതെരഞ്ഞെടുപ്പ് ഓഫിസിലെ കംപ്യൂട്ടറില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ന്നുവെന്ന് ജോയിന്‍റ് ചീഫ് ഇലക്ടറല്‍ ഓഫിസറാണ് മൊഴി നല്‍കിയത്.
മൊഴി ആവര്‍ത്തിച്ച് മറ്റ് ഉദ്യോഗസ്ഥരും
ചീഫ് ഇലക്ടറല്‍ ഓഫിസിലെ മറ്റ് ഉദ്യോഗസ്ഥരും ഇതേ മൊഴിയാണ് ക്രൈം ബ്രാഞ്ച് സംഘത്തിനു നല്‍കിയത്. മൊഴിയുടെ അടിസ്ഥാനത്തില്‍ ചീഫ് ഇലക്ടറല്‍ ഓഫീസിലെ ആറ് കംപ്യൂട്ടറുകളും മൂന്ന് ലാപ്‌ടോപ്പുകളും ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തു. ഇവ ഫോറന്‍സിക് പരിശോധനക്ക് അയയ്ക്കും. ഉദ്യോഗസ്ഥരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറായിരുന്ന ടിക്കാറാം മീണയോടും ക്രൈംബ്രഞ്ച് സംഘം വിശദീകരണം തേടും. ക്രൈംബ്രഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്.പി ഷാനവാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.
രമേശ് ചെന്നിത്തല പുറത്തുവിട്ട വിവരം
നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തയ്യാറാക്കിയ വോട്ടര്‍ പട്ടികയില്‍ ഇരട്ട വോട്ടുകളുണ്ടെന്ന് വോട്ടര്‍ പട്ടിക ചൂണ്ടിക്കാട്ടിയാണ് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറായിരുന്ന ടിക്കാറാം മീണ ഇരട്ട വോട്ടു തടയാന്‍ കര്‍ശന നടപടി സ്വീകരിച്ചിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസില്‍ നിന്ന് വോട്ടര്‍ പട്ടിക ചോര്‍ത്തിയെന്ന പരാതിയുമായി ജോയിന്‍റ് സി.ഇ.ഒ ക്രൈം ബ്രാഞ്ചിനെ സമീപിച്ചത്.
വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ പ്രതിപക്ഷ നേതാവിന് എങ്ങനെ ലഭിച്ചുവെന്നറിയില്ലെന്നും അന്വേഷണത്തിലൂടെ എല്ലാം പുറത്തു വരട്ടെയെന്നുമാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറായ ടിക്കാറാം മീണ പ്രതികരിച്ചത്. വോട്ടര്‍ പട്ടിക എങ്ങനെ ചോര്‍ന്നു എന്നതിന്‍റെ അന്വേഷണത്തിനൊപ്പം എങ്ങനെ ഇരട്ട വോട്ട് ഉള്‍പ്പെട്ടു എന്നു കൂടി അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കൂടുതല്‍ വായനക്ക്:- ഇരട്ട വോട്ട്: ചെന്നിത്തലക്കെതിരായ ആരോപണം തള്ളി ശശി തരൂര്‍
കൂടുതല്‍ വായനക്ക്:- വ്യാജ വോട്ടിൻ്റെ മുഴുവൻ വിവരവും പുറത്തുവിടുമെന്ന് ചെന്നിത്തല