തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് ആരും വിമുഖത കാണിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 45 വയസിന് മുകളില്‍ പ്രായമുള്ളവരിൽ ഒമ്പത് ലക്ഷം പേര്‍ വാക്‌സിന്‍ എടുക്കാന്‍ വിമുഖത കാണിക്കുന്നുവെന്നാണ് പ്രാരംഭ കണക്ക്. ഇത് സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാക്‌സിൻ സ്വീകരിക്കുന്നതിലൂടെ അപകടമുണ്ടാകുമെന്ന ആശങ്കയാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍. ഇത്തരത്തില്‍ വ്യാജ പ്രചരണങ്ങളും നടക്കുന്നുണ്ട്. ഇതില്‍ ആരും വിശ്വസിക്കരുത്. ഇത്തരം വ്യാജ പ്രചരണങ്ങള്‍ തടയാന്‍ കര്‍ശനമായ നടപടി സ്വീകരിക്കും. വാക്‌സിന്‍ സ്വീകരിക്കാത്തവരുടെ പട്ടിക തയാറാക്കി വാക്‌സിന്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കും.
വാക്‌സിന്‍ ചെറുപ്പക്കാരേക്കാള്‍ രോഗ പ്രതിരോധം പ്രായമുള്ളവരിലാണ് സൃഷ്ടിക്കുന്നത്. കൊവിഡ് മൂലം മരിച്ചവരില്‍ പ്രായമേറിയവരില്‍ അധികവും വാക്‌സിനെടുക്കാത്തവരാണ്. അതുകൊണ്ട് തന്നെ ഇവര്‍ വാക്‌സിന്‍ എടുക്കേണ്ടത് അത്യവശ്യമാണ്. ബന്ധുക്കളും സുഹൃത്തുക്കളും ഇതിനായി അവരെ പ്രേരിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
രക്ഷിതാക്കളെ നഷ്‌ടമായ കുട്ടികള്‍ക്ക് ധനസഹായം
കൊവിഡ് മഹാമാരി മൂലം രക്ഷിതാക്കളെ നഷ്‌ടമായ കുട്ടികള്‍ക്ക് ധനസഹായത്തിനായി 3,19,99,000 രൂപ അനുവദിച്ചു. മൂന്ന് ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും, കുട്ടിക്ക് 18 വയസ് ആകുന്നതുവരെ മാസംതോറും 2000 രൂപ വീതവുമാണ് അനുവദിക്കുന്നത്. കൂടാതെ ഈ കുട്ടികളുടെ ബിരുദം വരെയുള്ള പഠനച്ചെലവുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വഹിക്കും.
നിലവില്‍ ആനുകൂല്യത്തിനര്‍ഹരായ 87 കുട്ടികളെയാണ് കണ്ടെത്തിയിട്ടുള്ളത്. ധനസഹായം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ചും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സെപ്‌റ്റംബര്‍ ആദ്യ ആഴ്‌ചയോടെ അര്‍ഹരായവരുടെ അക്കൗണ്ടില്‍ തുക നിക്ഷേപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
READ MORE: വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി; മരണനിരക്ക് പിടിച്ചുക്കെട്ടി കേരളം