തിരുവനന്തപുരം: കിളിമാനൂർ പൊരുന്തമണ്ണിൽ വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കിളിമാനൂർ ഗവണ്‍മെന്‍റ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി അഭിനവി(13)നെയാണ് വീടിനു പുറകിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പൊരുന്തമണ്‍ ആശ നിവാസിൽ ഷിജു ആശ ദമ്പതികളുടെ മകനാണ് അഭിനവ്. ഇവർ തിരുവനന്തപുരത്ത് ആശുപത്രി സംബന്ധമായ കാര്യങ്ങളുമായി പോയി വൈകുന്നേരം തിരികെ എത്തിയപ്പോഴാണ് അഭിനവിനെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടത്.
അഭിനവ് ആത്മഹത്യ ചെയ്യാൻ തക്കതായ കാരണങ്ങൾ സ്കൂളിലോ വീട്ടിലോ ഇല്ലായെന്നും മരണത്തിൽ ദുരൂഹത ഉള്ളതായും കുടുംബം പറയുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ കിളിമാനൂർ പൊലീസിൽ പരാതി നൽകി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം കഴിഞ്ഞാൽ മാത്രമേ ദുരൂഹത സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാകു.