തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയിലേക്ക് ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. കന്‍റോണ്‍മെന്‍റ് ഹൗസ് വളപ്പിനുള്ളിലേക്ക് രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകർ ചാടിക്കടന്നു. ഇവരെ കന്‍റോണ്‍മെന്‍റ് ഹൗസ് ഓഫിസ് സ്റ്റാഫ് പിടികൂടി തടഞ്ഞുവച്ചു.
പിന്നീട് പൊലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്‌ത് നീക്കി. രാവിലെ 11 മണിയോടെ പ്രകടനമായി കന്‍റോണ്‍മെന്‍റ് ഹൗസിലേക്ക് എത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മസ്‌കറ്റ് ഹോട്ടലിന് മുന്നില്‍ പൊലീസ് തടഞ്ഞിരുന്നു. ഇതിനിടെയാണ് നാലുപേര്‍ ബാരിക്കേഡ് കടന്ന് പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയുടെ പ്രധാന കവാടത്തിന് മുന്നിലെത്തിയത്.
Also read: കറുത്ത വസ്‌ത്രത്തിലെത്തി ക്ലിഫ് ഹൗസിന് മുന്നില്‍ മഹിള മോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം ; അറസ്റ്റ്
ഇതില്‍ രണ്ടുപേരാണ് മതില്‍ ചാടിക്കടന്ന് കന്‍റോണ്‍മെന്‍റ് ഹൗസ് വളപ്പില്‍ കടന്ന് മുദ്രാവാക്യം മുഴക്കിയത്. മസ്‌കറ്റ് ഹോട്ടലിന് മുന്നില്‍ സ്ഥാപിച്ചിരുന്ന കോണ്‍ഗ്രസിന്‍റെ ഫ്ലക്‌സ് ബോര്‍ഡുകള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചു. ഇത് തടയാനോ ബാരിക്കേഡ് ചാടിക്കടന്നവരെ പിടികൂടി അറസ്റ്റ് ചെയ്യാനോ പൊലീസ് തയ്യാറായില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ഇതിനിടെ, കെപിസിസി ആസ്ഥാനത്തിന് നേരെ നടന്ന അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച് കരിദിനമാചരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ റോഡ് ഉപരോധിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. നേരത്തെ കനത്ത സുരക്ഷയില്‍ വിളപ്പില്‍ശാലയില്‍ സിപിഎം സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്ക് നേരെ പ്രതിപക്ഷ യുവജന സംഘടനകള്‍ കരിങ്കൊടി കാട്ടിയിരുന്നു.