തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടില്‍ ആലത്തൂര്‍ എം.പി രമ്യ ഹരിദാസിന്‍റെ വാഹനം ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞ് കരിങ്കൊടി കെട്ടി. ഏകദേശം പത്തു മിനിട്ട് ദേശീയ പാതയില്‍ കുടുങ്ങിയ എം.പിയെ വെഞ്ഞാറമ്മൂട് പൊലീസെത്തിയാണ് രക്ഷപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു എസ്.എഫ്.ഐ പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. തിരുവനന്തപുരത്ത് നിന്നു ചങ്ങനാശ്ശേരിയിലേക്ക് പോകുന്നതിനിടെ രാവിലെ പത്തുമണിക്കായിരുന്നു സംഭവം.
രമ്യ ഹരിദാസ് ദേശീയപാതയിലൂടെ കടന്നു പോകുന്ന വിവരം പൊലീസ് വയര്‍ലെസ് സെറ്റിലൂടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കഴിഞ്ഞ ദിവസം കെ.പി.സി.സി സംഘടിപ്പിച്ച ജവഹര്‍ ബാല്‍ മഞ്ച് ദേശീയ മെമ്പര്‍ഷിപ്പ് ഡ്രൈവില്‍ പങ്കെടുത്ത ശേഷം തിലസ്ഥാനത്ത് തങ്ങിയ എം.പി ഇന്ന് രാവിലെ മറ്റൊരു പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് ചങ്ങനാശ്ശേരിയിലേക്ക് തിരിച്ചത്.