തിരുവനന്തപുരം: ട്രിവാന്‍ഡ്രം കെനല്‍ ക്ലബ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശ്വാന പ്രദര്‍ശനം ശ്രദ്ധേയമായി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുപ്പത്തഞ്ചോളം നായകളാണ് മത്സരത്തില്‍ പങ്കെടുക്കാനെത്തിയത്. മൈനര്‍ പപ്പി, ജൂനിയര്‍ ഇന്‍റര്‍ മീഡിയേറ്റ്, ഓപ്പണ്‍ ക്ലാസ്, ചാമ്പ്യന്‍ ക്ലാസ് തുടങ്ങിയ വിഭാഗങ്ങളിലായിരുന്നു മത്സരം. ഇന്‍ഡോനേഷ്യ, തായ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്‌ധരായിരുന്നു വിധികര്‍ത്താക്കള്‍. ഗ്രൂപ്പ് മത്സരങ്ങളില്‍ ജയിക്കുന്നവ ബെസ്റ്റ് ഇന്‍ ഷോയിലേക്ക് തെരഞ്ഞെടുക്കപ്പെടും. ബെസ്റ്റ് ഇന്‍ ഷോയില്‍ മികച്ച പ്രകടനം കാഴ്‌ചവെക്കുന്നവയാകും വിജയികള്‍.
പരിപാടിയുടെ ഭാഗമായി പൊലീസ് നായകളുടെ പ്രത്യേക പ്രകടനവും അരങ്ങേറി. കല്യാണിയും, അന്നയുമടക്കം ഡോഗ് സ്ക്വാഡിലെ പ്രഗത്ഭരായ ആറ് നായകള്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തി. നായകളുടെ സലൂട്ടും നാര്‍ക്കോ ഡിറ്റക്ഷനും മെറ്റല്‍ ഡിറ്റക്ഷനുമൊക്കെ കാണികള്‍ക്ക് കൗതുക കാഴ്‌ചയായി.
പ്രദര്‍ശനത്തില്‍ അതിഥിയായി സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റയും എത്തിയിരുന്നു. സേനയില്‍ പൊലീസ് നായകളുടെ സേവനം ഒഴിച്ച് നിര്‍ത്താനാകില്ലെന്നും സ്ക്വാഡിലേക്ക് കൂടുതല്‍ നായകളെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.