തിരുവനന്തപുരം: മനോഹരമായ കടല്‍ തീരവും കായലും കൊണ്ട് ലോക സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ച കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രമാണ് കോവളം. കോവളം മാത്രമല്ല സമീപത്തെ 8 കിലോമീറ്റര്‍ ചുറ്റളവാകെ ടൂറിസം കേന്ദ്രമാണ്. ഇതിലുള്‍പ്പെട്ട കോവളത്തിനു സമീപത്തെ പൂങ്കുളം ഹോളിക്രോസ് സ്കൂളിനു മുന്നിലാണ് കഴിഞ്ഞ ദിവസം രാവിലെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയിരിക്കുന്നത്.
ഒന്നിച്ചു നടന്ന നായ്ക്കൂട്ടത്തിലെ ഒരു നായ പെട്ടെന്ന് ഒപ്പമുണ്ടായിരുന്ന മറ്റൊരു ചെറിയ നായയുടെ കഴുത്തില്‍ കടിച്ചു പിടിച്ചു. പിന്നെ നാട്ടുകാര്‍ കാണുന്നത് രണ്ടു നായ്ക്കള്‍ തമ്മിലുള്ള കടിപിടി. കടിപിടി കണ്ട് പിന്തിരിപ്പിക്കാനെത്തിയ നാട്ടുകാര്‍ കാണുന്നത് കഴുത്തില്‍ കടിയേറ്റ് തറയില്‍ വീണ നായയെ ഒപ്പമുണ്ടായിരുന്ന നായ കീഴ്പ്പെടുത്തി കൊല്ലുന്നതാണ്.
കല്ലെറിഞ്ഞ് പിന്തിരിപ്പിക്കാന് ശ്രമിക്കുന്നതിനിടെ ചത്ത നായയുടെ ചെവിയടക്കം തലയുടെ പൂര്‍ണമായി ഒപ്പമുണ്ടായിരുന്ന നായ ഭക്ഷിച്ചു. പിന്നാലെ കഴുത്തിന്റെ ഭാഗം ഭക്ഷിക്കാന്‍ മുതിര്‍ന്ന നായയെ നാട്ടുകാര്‍ കല്ലെറിഞ്ഞോടിച്ചു. സമീപത്ത് ബസ് കാത്തു നിന്നവരും കടക്കാരുമെല്ലാം സംഭവത്തിനു സാക്ഷിയായി.
കോവളം ടൂറിസ്റ്റ് കേന്ദ്രത്തിനും സമീപത്തും തെരുവു നായ്ക്കള്‍ സംഘമായി നടക്കുന്നതും വിദേശ ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ശല്യമാകുന്നതും സംബന്ധിച്ച് നിരവധി പരാതികളാണുള്ളത്. അതിനിടെയാണ് കരളലിയിക്കുന്ന ഈ സംഭവവും പുറത്തു വരുന്നത്.