തിരുവനന്തപുരം: ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ച പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ ലിമിറ്റഡിന്‍റെ (എച്ച്എല്‍എല്‍) ഓഹരികള്‍ വാങ്ങാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കത്തിന് തിരിച്ചടി. കേരളത്തിന് ഓഹരികള്‍ നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിനയച്ച കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കുന്നതിനെതിരെയുള്ള നിലപാടിന്‍റെ ഭാഗമായാണ് എച്ച്എല്‍എല്ലിന്‍റെ ഓഹരികള്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി കെഎസ്ഐഡിസിയെ മന്ത്രിസഭ യോഗം ചുമതലപ്പെടുത്തുകയും ചെയ്‌തിരുന്നു. ഇതിന്‍റെ നടപടിക്രമങ്ങള്‍ക്കായി കഴിഞ്ഞ ഫെബ്രുവരി 24ന് കേന്ദ്ര സര്‍ക്കാരിനെ സംസ്ഥാനം ബന്ധപ്പെട്ടിരുന്നു.
ഒരു പൊതുമേഖല സ്ഥാപനത്തിന്‍റെ ഓഹരി വാങ്ങാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കോ മറ്റ് പൊതുമേഖല സ്ഥാപനങ്ങള്‍ക്കോ കഴിയില്ലെന്ന് വ്യക്തമാക്കി കേന്ദ്രം സംസ്ഥാനത്തിന് കത്തയച്ചു. 2002ല്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്ത തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിലപാടെന്നും കത്തില്‍ പറയുന്നു.
ഈ തീരുമാനത്തെ മറികടക്കുന്നതിന് കേന്ദ്ര മന്ത്രിസഭ തീരുമാനമെടുക്കമെന്നും വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ അത്തരമൊരു തീരുമാനം കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടാകാന്‍ സാധ്യതയില്ല. നിലവില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനമാണ് എച്ച്എല്‍എല്‍.
Also read: ദിലീപ് പ്രതിയായ വധ ഗൂഢാലോചന കേസില്‍ നിര്‍ണായക വഴിത്തിരിവ്; തെളിവുകളുടെ മിറര്‍ ഇമേജ് വീണ്ടെടുത്തു