തിരുവനന്തപുരം: ബോർഡ് -കോർപ്പറേഷൻ വിഭജനം അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ എല്‍ഡിഎഫ് യോഗം വ്യാഴാഴ്ച (23.09.21) ചേരും. സിപിഐയുമായും വിവിധ കക്ഷികളുമായും സിപിഎം ഇക്കാര്യത്തിൽ ഏകദേശ ധാരണയിൽ എത്തിയിട്ടുണ്ട്. 23ന് ചേരുന്ന യോഗത്തില്‍ തന്നെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
കേരള കോൺഗ്രസ് (എം) ഉൾപ്പെടെ ചില കക്ഷികൾ കൂടി മുന്നണിയിലെത്തിയ സാഹചര്യത്തിൽ ചില ബോർഡ് കോർപ്പറേഷനുകൾ വിട്ടു കൊടുക്കേണ്ടി വരുമെന്ന സൂചന സിപിഐ അടക്കമുള്ള കക്ഷികൾക്ക് സിപിഎം നൽകിയിട്ടുണ്ട്.
സിപിഐ അവലോകന റിപ്പോർട്ട് ചർച്ചയാകും
നിയമസഭ തെരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ള അവലോകന റിപ്പോർട്ടിൽ സിപിഐ ഉന്നയിച്ച കടുത്ത വിമർശനങ്ങൾ മുന്നണി യോഗത്തിൽ കേരള കോൺഗ്രസ് ഉന്നയിച്ചേക്കും. കേരള കോൺഗ്രസ് എമ്മിനേയും ജോസ് കെ മാണിയേയും ചില മണ്ഡലങ്ങളിൽ സിപിഎമ്മിന്‍റെ പ്രവർത്തനത്തെയും രൂക്ഷമായി വിമർശിക്കുന്നതാണ് സിപിഐ അവലോകന റിപ്പോർട്ട്.
ഇത് സംബന്ധിച്ച് ജോസ് കെ മാണി എല്‍ഡിഎഫ് നേതൃത്വത്തിന് പരാതിയും നൽകിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ചെറിയൊരു ഇടവേളയ്ക്കു ശേഷം ചേരുന്ന എൽഡിഎഫ് യോഗം ഇക്കാര്യം പരിഗണിക്കാനാണ് സാധ്യത. തെരഞ്ഞെടുപ്പ് അവലോകനത്തിൽ വിമർശനവും സ്വയം വിമർശനവും കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ പതിവാണെന്ന നിലപാടാണ് സിപിഐയ്ക്കുള്ളത്.
സിപിഐ റിപ്പോർട്ടിൽ വിമർശനം ഉന്നയിക്കാനോ പരസ്യ പ്രതികരണത്തിനോ സിപിഎം തയറായിട്ടില്ല. ഇക്കാര്യങ്ങളിൽ ചർച്ചകൾ മുന്നണിക്കുള്ളിൽ മാത്രം ഒതുക്കാനാണ് എൽഡിഎഫ് തീരുമാനം. പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്നത് അടക്കമുള്ള ശമ്പള പരിഷ്കരണ കമ്മിഷൻ നിർദ്ദേശങ്ങളും എൽഡിഎഫ് യോഗത്തിന്‍റെ പരിഗണനക്ക് വരാൻ സാധ്യതയുണ്ട്.
കർഷക സംഘടനകൾ ഈ മാസം 27ന് പ്രഖ്യാപിച്ചിരിക്കുന്ന ഭാരത ബന്ദിന് എൽഡിഎഫ് പിന്തുണ പ്രഖ്യാപിക്കുന്നത് സംബന്ധിച്ചും മുന്നണി യോഗം ചർച്ച ചെയ്ത് സ്വീകരിക്കും.