തിരുവനന്തപുരം: കുട്ടികള്‍ കൂടുതലായി ഇന്‍റര്‍നെറ്റും സ്മാര്‍ട്ട്‌ഫോണും ഉപയോഗിക്കുന്ന ഈ കൊവിഡ് കാലഘട്ടത്തില്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് മാതാപിതാക്കളെന്ന് കേരള പൊലീസിലെ സൈബര്‍ വിദഗ്ധനും തിരുവന്തപുരം റേഞ്ച് ഡി.ഐ.ജിയുമായ കെ.സഞ്‌ജയ് കുമാര്‍ ഐ.പി.എസ്. രക്ഷകര്‍ത്താക്കള്‍ ആദ്യമറിഞ്ഞിരിക്കേണ്ടത് ഇന്‍റര്‍നെറ്റിന്‍റെ അപകടങ്ങളും അപകട സാധ്യതകളുമാണ്. നാല് തരത്തിലുള്ള ഓണ്‍ലൈന്‍ കുറ്റകൃത്യ സാധ്യതകളാണ് ഇന്‍റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ കുട്ടികള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ഇതില്‍ ആദ്യത്തേത് കൂടുതല്‍ പേരുമായി ബന്ധപ്പെടുന്നതു വഴിയുള്ള അപകട സാധ്യതയാണ്.
രണ്ടാമത്തെ അപകട സാധ്യത ഇന്‍റര്‍നെറ്റിലൂടെ ലഭിക്കുന്ന വിവരങ്ങളുടെ ഉള്ളടക്കം സംബന്ധിച്ചാണ്. എല്ലാ ഉള്ളടക്കങ്ങളും കുട്ടികള്‍ക്ക് യോജിച്ചതാകണമെന്നില്ല. മൂന്നാമത്തെ അപകട സാധ്യത സാമ്പത്തിക തട്ടിപ്പുകള്‍ സംബന്ധിച്ചുള്ളതാണ്. നാലാമത്തെ അപകട സാധ്യത സ്വകാര്യതയുമായി ബന്ധപ്പെട്ടതാണ്. തങ്ങള്‍ക്ക് സാങ്കേതിക പരിജ്ഞാനമില്ലെന്ന് പറഞ്ഞ് രക്ഷകര്‍ത്താക്കള്‍ കുട്ടികളെ എല്ലാം ഏല്‍പ്പിച്ച് മാറി നില്‍ക്കരുത്. നമ്മുടെ ഡേറ്റകളും പണവും ഒരിക്കലും സുരക്ഷിതമാണെന്ന് പറയാനാകില്ലെങ്കിലും ആരുടെയെങ്കിലും ലക്ഷ്യമാകുന്നതുവരെ നമ്മള്‍ സുരക്ഷിതരാണ്.
ബാങ്ക് സംബന്ധമായി ഒരു വിവരവും ഒരു ബാങ്കും നമ്മോട് ചോദിക്കാറില്ലെന്ന് നാം മനസിലാക്കണം. വല്ലാത്ത തിടുക്കത്തില്‍ ഒരാള്‍ നിങ്ങളുടെ കാര്‍ഡ് നമ്പര്‍, പിന്‍ നമ്പര്‍, സി.വി.വി നമ്പര്‍ ഒക്കെ തിരക്കുന്നുണ്ടെങ്കില്‍ നാം ഒരിക്കലും നല്‍കരുത് അത് തട്ടിപ്പിന് തുടക്കമിടുന്നതാണ്. ഇക്കാര്യം റിസര്‍വ് ബാങ്ക് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്‍റര്‍നെറ്റ് സംബന്ധമായ എല്ലാ തട്ടിപ്പുകളും തട്ടിപ്പ് ശ്രമങ്ങളും കൃത്യസമത്ത് പൊലീസിനെ അറിയിക്കാമെന്നും ഇതില്‍ നിന്ന് ആരും മാറി നില്‍ക്കരുതെന്നും ഇടിവി ഭാരതിനനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സഞ്‌ജയ് കുമാര്‍ പറഞ്ഞു.