തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ മങ്കിപോക്‌സ് മരണം തൃശ്ശൂരിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ മരിച്ച യുവാവിന്‍റെ വിശദമായ സമ്പർക്കപ്പട്ടിക തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. 20 പേരാണ് പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളത്. ഇവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ബന്ധുക്കൾ, യുവാവിനെ വിമാനത്താവളത്തിൽ നിന്ന് എത്തിച്ച നാല് സുഹൃത്തുക്കൾ, ഒപ്പം ഫുട്‌ബോള്‍ കളിച്ചവർ തുടങ്ങിയവരാണ് പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളത്. യുവാവിന്‍റെ മരണം ചികിത്സ തേടാൻ വൈകിയത് മൂലമാണോയെന്ന് വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷം അറിയിക്കും. വിമാനത്തിലെ യാത്രക്കാരുമായി അടുത്ത സമ്പർക്കമില്ലെന്നാണ് വിലയിരുത്തൽ.
Read more: രാജ്യത്ത് ആദ്യം: തൃശൂരില്‍ മരിച്ച യുവാവിന് മങ്കിപോക്സ് സ്ഥിരീകരിച്ച് പരിശോധന ഫലം
പുതിയ വകഭേദമാണോയെന്ന് പരിശോധിക്കും: വിമാനത്തിലുണ്ടായിരുന്ന 165 യാത്രക്കാരെയും വിവരം അറിയിക്കും. രോഗിയുടെ ശരീരത്തിൽ രോഗലക്ഷണം സൂചിപ്പിക്കുന്നുവെന്ന തരത്തിലുള്ള പാടുകൾ ഉണ്ടായിരുന്നില്ല. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ (എൻഐവി) സഹായത്തോടെ ഏത് വകഭേദമാണെന്ന് പരിശോധിച്ചുവരികയാണ്. പുതിയ വകഭേദമാണോ എന്നതടക്കം പ്രത്യേക സംഘം പരിശോധിക്കും.
രോഗലക്ഷണങ്ങൾ ഉള്ളവർ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം. മരണനിരക്ക് കുറവാണെങ്കിലും ജാഗ്രതക്കുറവ് പാടില്ല. മെച്ചപ്പെട്ട ആരോഗ്യ സംവിധാനമുള്ളതിനാലാണ് ആദ്യ കേസ് കേരളത്തിൽ തിരിച്ചറിഞ്ഞത്. വിമാനത്താവളങ്ങളിൽ തെർമൽ സ്‌ക്രീനിങ് ഉറപ്പാക്കിയിട്ടുണ്ട്. ഹെൽപ്പ് ഡെസ്‌ക് പ്രവർത്തിക്കുമെന്നും മന്ത്രി അറിയിച്ചു.
ചാവക്കാട് കുരിഞ്ഞിയൂർ സ്വദേശിയായ 22കാരനാണ് മങ്കിപോക്‌സ് ബാധിച്ച് മരിച്ചത്. പൂനെ വൈറോളജി ലാബിലെ പരിശോധന ഫലത്തിലാണ് യുവാവിന് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. ജൂലൈ 21ന് യുഎഇയിൽ നിന്നെത്തിയ യുവാവ് ജൂലൈ 30ന് രാവിലെയാണ് മരിച്ചത്. യുഎഇയില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ച യുവാവ് ഇക്കാര്യം മറച്ചുവച്ച് കേരളത്തിലെത്തിയെന്നാണ് ആരോഗ്യ വകുപ്പിന് ലഭിച്ച വിവരം. ഇക്കാര്യം അന്വേഷിക്കാന്‍ ആരോഗ്യമന്ത്രി നിർദേശം നല്‍കിയിട്ടുണ്ട്.