തിരുവനന്തപുരം : വലിയതുറയിൽ പതിനാറുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ രണ്ടാം പ്രതിക്ക് മുപ്പത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി. വലിയതുറ മിനി സ്റ്റുഡിയോയക്ക് സമീപം സുനിൽ അൽഫോൺസി (32)നെയാണ് ജഡ്‌ജി ആർ.ജയകൃഷ്‌ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം. പിഴത്തുക ഇരയായ പെൺകുട്ടിക്ക് നൽകണം.
2014 ഫെബ്രുവരി 26 ന് ഇരയായ പെൺകുട്ടി പനി മൂലം വലിയതുറ ആശുപത്രിയിൽ ചികിത്സക്ക് വന്നപ്പോഴാണ് കേസിനാസ്‌പദമായ സംഭവം. അന്ന് ആശുപത്രിയിൽ വച്ച് കേസിലെ ഒന്നാം പ്രതിയായ പതിനാറുകാരൻ തൻ്റെ സഹോദരി അന്വേഷിക്കുന്നുവെന്ന് പറഞ്ഞ് പെൺകുട്ടിയെ തൻ്റെ വീട്ടിലേക്ക് ക്ഷണിച്ചു.
ബലാത്സംഗം തന്ത്രപൂർവം വീട്ടിൽ എത്തിച്ച ശേഷം
പതിനാറുകാരൻ്റെ ചേച്ചിയുമായി ഒരുമിച്ച് പഠിച്ചതിനാൽ മറ്റ് സംശയം തോന്നാത്ത പെൺകുട്ടി വീട്ടിലേക്ക് പോയി. വീട്ടിൽ ചെന്ന് ചേച്ചിയെ അന്വേഷിച്ചപ്പോൾ പതിനാറുകാരൻ പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. ഈ സമയം മുറിയിൽ ഒളിച്ചിരിക്കുകയായിരുന്ന രണ്ടാം പ്രതി സുനിൽ കുട്ടിയെ കടന്നുപിടിച്ചു.
കുട്ടി ബഹളം വെച്ചപ്പോൾ തുണി കൊണ്ട് വാ മുടിക്കെട്ടി. തുടർന്ന് പ്രതികൾ കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. കുട്ടിയുടെ ബഹളം കേട്ട് സമീപത്തുള്ള സ്ത്രീ വാതിൽ തട്ടിയപ്പോൾ സുനിൽ പിൻവാതിൽ വഴി ഓടി രക്ഷപ്പെട്ടു. ഈ സ്ത്രീയാണ് കുട്ടിയെ രക്ഷപ്പെടുത്തി വീട്ടിലേക്ക് പറഞ്ഞയച്ചത്.
ALSO READ: തൃശൂരില്‍ സഞ്ചിയില്‍ പൊതിഞ്ഞ് നവജാതശിശുവിന്‍റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി
എന്നാൽ വിചാരണ വേളയിൽ ഈ സ്ത്രീ പ്രതിഭാഗത്തിന് അനുകൂലമായി കൂറുമാറി. ഒന്നാം പ്രതിയായ പതിനാറുകാരൻ്റെ വിചാരണ ജുവനൈൽ കോടതിയിലാണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി.
ഈ സംഭവം പീഡനത്തിനിരയായ പെൺകുട്ടിക്ക് സമൂഹത്തിലുമുണ്ടാക്കിയ ഭീതി കണക്കിലെടുക്കുമ്പോൾ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധിന്യായത്തിൽ പറയുന്നു. ജയിലിൽ കിടന്ന കാലാവധി പ്രതിയുടെ ശിക്ഷയിൽ നിന്ന് ഇളവ് ചെയ്തിട്ടുണ്ട്.