തിരുവനന്തപുരം: കോടഞ്ചേരി മിശ്ര വിവാഹത്തിലെ സിപിഎം നിലപാടിനെതിരെ രൂക്ഷവിമർശനവുമായി കത്തോലിക്ക സഭയുടെ മുഖപത്രമായ ദീപിക മുഖപ്രസംഗം. മുന്‍മന്ത്രി കെ.ടി ജലീനെതിരെയും ലേഖനം വിമർശനം ഉയർത്തുന്നുണ്ട്. 'കോടഞ്ചേരി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍' എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് വിമര്‍ശനം.
'പാർട്ടി ഇടപെട്ട് തിരുത്തുന്നതിനു മുൻപ് സിപിഎം നേതാവ് ജോർജ് എം തോമസ് പറഞ്ഞത് ഷെജിൻ കാണിച്ചത് ശരിയായില്ലെന്നും അങ്ങനെയൊരു പ്രണയമുണ്ടെങ്കിൽ, അങ്ങനെ മിശ്ര വിവാഹം കഴിക്കണമെന്നുണ്ടെങ്കിൽ അത് പാർട്ടിയെ അറിയിച്ച്, പാർട്ടിയുമായി ആലോചിച്ച്, പാർട്ടി സഖാക്കളുടെ നിർദേശം സ്വീകരിച്ച് തീരുമാനമെടുക്കേണ്ടത് ആയിരുന്നുവെന്നാണ്. പാർട്ടി സഖാക്കളോട് പറയണം, പക്ഷേ ഇത്തരമൊരു തീരുമാനമെടുക്കും മുമ്പ് യുവാവോ പെൺകുട്ടിയോ ഇത്രകാലം സ്നേഹിച്ചു വളർത്തിയ മാതാപിതാക്കളോട് പറയേണ്ടതില്ലേ' എന്നാണ് ലേഖനം ഉയർത്തുന്ന ചോദ്യം.
'കോടതിയിൽ ഹാജരാക്കുമ്പോൾ മാതാപിതാക്കൾക്ക് ജോയ്‌സ്‌നയുമായി സംസാരിക്കാൻ അവസരം നൽകുമെന്ന് സിപിഎം നേതാവ് പറഞ്ഞിരുന്നു. എന്നാൽ മാതാപിതാക്കൾ എത്തും മുന്‍പേ ഷെജിനും ജോയ്‌സ്‌നയും കോടതിയിൽ നിന്ന് മടങ്ങി. അഹോരാത്രം വിയർപ്പൊഴുക്കി പഠിപ്പിച്ച് പെൺകുട്ടിയെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്‌താരാക്കിയ മാതാപിതാക്കൾക്ക് സംസാരിക്കാൻ അവസരം പോലും കൊടുക്കാതെ ദുരൂഹ സാഹചര്യത്തിൽ കൊണ്ടുപോകുന്നതാണോ മതേതരത്വം' എന്നും ലേഖനം ചോദിക്കുന്നു.
'പാർട്ടിക്കകത്ത് ചർച്ച ചെയ്യണം, ഒരക്ഷരം പുറത്തുപറയരുത്': പ്രൊഫഷണൽ കോളജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതര മതസ്ഥരായ പെൺകുട്ടികളെ വർഗീയതയിലേക്കും തീവ്രവാദത്തിലേക്കും ആകർഷിക്കാൻ തീവ്രവാദ സംഘടനകൾ ശ്രമിക്കുന്നുണ്ടെന്ന് പാർട്ടിരേഖ പറയുന്നുണ്ട്. 'ലൗ ജിഹാദ് ഇല്ലെന്ന് പറയുന്ന സിപിഎമ്മിന് പോലും തീവ്രവാദികളുടെ നീക്കങ്ങളെക്കുറിച്ച് ഭയമുണ്ട്. പാർട്ടിക്കകത്ത് ചർച്ച ചെയ്യണം, ഒരക്ഷരം പുറത്തുപറയരുത് എന്നതാണോ സിപിഎം നയം?' എന്നും മുഖപ്രസംഗത്തില്‍ ചോദിക്കുന്നു.
രണ്ട് വ്യക്തികൾ തമ്മിലുള്ള വിവാഹ തീരുമാനത്തെ അഖിലലോക പ്രശ്‌നമാക്കി അവതരിപ്പിക്കുന്ന ശൈലി പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നാണ് കെ.ടി ജലീൽ പറഞ്ഞത്. ആയിരക്കണക്കിന് മിശ്ര വിവാഹങ്ങൾ നടക്കുന്ന കേരളത്തിൽ വിരലിലെണ്ണാവുന്ന ചിലതിന് മാത്രം കോലാഹലമെന്നത് ചിന്തിക്കേണ്ടത് ജലീലിനെ പോലെയുള്ളവരാണ്. മുസ്‌ലിം യുവാക്കൾ ഉൾപ്പെടുന്ന മിശ്ര വിവാഹങ്ങളിൽ ആശങ്കയുയർത്തുന്നത് ക്രൈസ്‌തവര്‍ മാത്രമല്ല.
ഹൈന്ദവ-ക്രിസ്ത്യൻ-മുസ്‌ലിം സമുദായങ്ങളിൽ പെട്ട എല്ലാ നല്ലമനുഷ്യരും ഒന്നിച്ചു ചിന്തിക്കേണ്ട കാര്യമാണിത്. ഇസ്‌ലാമിക തീവ്രവാദ സംഘടനകള്‍ ഉയര്‍ത്തുന്ന ഭീഷണിക്ക് മുസ്‌ലിം സമുദായത്തിലെ നിരപരാധികള്‍ പഴികേള്‍ക്കേണ്ട സാഹചര്യമുണ്ടാകുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
Read more: 'മുസ്‌ലിം യുവാക്കളുടെ മിശ്ര വിവാഹങ്ങള്‍ ആശങ്ക'; കോടഞ്ചേരി വിവാദത്തില്‍ ദീപിക ദിനപത്രം