തിരുവനന്തപുരം: ചെന്നൈ ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫ് മരിച്ച സംഭവത്തില്‍ വെള്ളിയാഴ്ചക്കകം കുറ്റവാളികളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് പിതാവ് അബ്ദുള്‍ ലത്തീഫ് രംഗത്ത്. അല്ലാത്തപക്ഷം മകള്‍ അനുഭവിച്ച കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തുറന്നുപറയുമെന്ന് ലത്തീഫ് വ്യക്തമാക്കി. കുറ്റവാളികള്‍ ഇപ്പോഴും ക്യാമ്പസില്‍ കഴിയുകയാണ്. അവിടെ നടക്കുന്ന കാര്യങ്ങള്‍ തുറന്നുപറഞ്ഞതിനാലാണ് അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭന്‍ തനിക്കെതിരെ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നതെന്നും ലത്തീഫ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ചെന്നൈയിലെ പൊലീസ് സ്റ്റേഷനില്‍ വിവരങ്ങള്‍ അന്വേഷിക്കാന്‍ എത്തിയ തനിക്ക് മോശം അനുഭവങ്ങളാണ് ഉണ്ടായതെന്നും നിയമോപദേശം തേടിയശേഷമേ മകളുടെ ലാപ്ടോപും മറ്റ് രേഖകളും പൊലീസിന് കൈമാറുകയുള്ളൂവെന്നും ലത്തീഫ് പറഞ്ഞു. ഇനിയുള്ള പ്രതീക്ഷ സംസ്ഥാന സര്‍ക്കാരിലും മുഖ്യമന്ത്രിയിലുമാണെന്നും ലത്തീഫ് വ്യക്തമാക്കി. ഒരാഴ്ച മുമ്പാണ് ഫാത്തിമ ലത്തീഫിനെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാത്തിമയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇന്ന് ചെന്നൈയില്‍ എത്തും. നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ ഫാത്തിമയുടെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനക്കായി അയച്ചിരിക്കുകയാണ്.