തിരുവനന്തപുരം: കരമനയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ പുനരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനുള്ള തീയതി ഇന്ന് അവസാനിക്കും. കൊലപതകം നടന്ന് രണ്ട് മാസത്തിനുള്ളില്‍ അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ പോരായ്‌മ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പുനരന്വേഷണത്തിന് ഉത്തരവ് നല്‍കിയത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
Read more: കരമന കൊലപാതകം: മുഖ്യപ്രതി ഉൾപ്പെടെ ഏഴ് പേർ കൂടി പിടിയില്‍
2019 മാർച്ച് 12 നാണ് തലസ്ഥാന നഗരത്തെ ഞെട്ടിച്ച കൊലപാതകം നടക്കുന്നത്. കരമന സ്വദേശി അനന്തുവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊഞ്ചിറവിള ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട തർക്കമാണ് അനന്തുവിന്‍റെ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ക്രിമിനൽ ഗൂഢാലോചന, തെളിവു നശിപ്പിക്കൽ എന്നീ ഇന്ത്യൻ ശിക്ഷ നിയമത്തിലെ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
വിഷ്‌ണു രാജ്, ഹരിലാൽ, ബാലു എന്ന കിരൺകൃഷ്‍ണൻ, വിനീത് എന്ന വിനീഷ് രാജ്, കുട്ടപ്പൻ എന്ന അനീഷ്, അപ്പു എന്ന അഖിൽ, കുഞ്ഞു വാവ എന്ന വിജയ രാജ്, ശരത്ത് കുമാർ, മുഹമ്മദ് റോഷൻ, സുമേഷ്, കുട്ടൻ എന്ന അരുൺ ബാബു, അഭിലാഷ്, മാരി എന്ന രാം കാർത്തിക്, വിപിൻ രാജ് എന്നിവരാണ് കേസിലെ 14 പ്രതികൾ. അതേ സമയം, ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ സംഘം സമയം ആവശ്യപ്പെടാനാണ് സാധ്യത.