തിരുവനന്തപുരം : സച്ചിൻ ദേവ് എംഎല്‍എയുമായുള്ള വിവാഹ വാർത്ത പുറത്തുവന്നതോടെ, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് നേരെ സമൂഹ മാധ്യമങ്ങളില്‍ സൈബര്‍ ആക്രമണം. പഴയ സുഹൃത്തെന്ന് അവകാശപ്പെടുന്ന യുവാവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ച് ചിലർ രംഗത്തെത്തുകയായിരുന്നു. ആര്യ രാജേന്ദ്രനുമായി അടുപ്പത്തിലായിരുന്നുവെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങൾ സഹിതമാണ് ഒരു വിഭാഗത്തിൻ്റെ സദാചാര അധിക്ഷേപങ്ങള്‍.

എസ്എഫ്ഐ പ്രവർത്തകനായ യുവാവിൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് താനുമായി ആര്യ അടുപ്പത്തിലായിരുന്നുവെന്ന് സൂചിപ്പിക്കുന്ന പോസ്റ്റ് വന്നത്. വിടവാങ്ങൽ കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്ന കുറിപ്പോടെയാണ് ആര്യ രാജേന്ദ്രനുമൊത്തുള്ള പഴയ ചിത്രം പോസ്റ്റ് ചെയ്‌തിരുന്നത്. ഇതോടെ ഒരു വിഭാഗം ആര്യക്കെതിരെ തിരിയുകയായിരുന്നു.

Also read: മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയും വിവാഹിതരാകുന്നു
എംഎൽഎയെ കിട്ടിയപ്പോൾ ഈ യുവാവിനെ മേയർ കൈയ്യൊഴിഞ്ഞു എന്ന് ആരോപിക്കുന്ന ട്രോളുകളും പോസ്റ്റുകളുമാണ് പ്രചരിപ്പിക്കുന്നത്. ഇതോടെ രാഷ്ട്രീയ എതിരാളികളും ട്രോളുകളുമായി രംഗത്തെത്തി. വലത് നിരീക്ഷകൻ ശ്രീജിത്ത് പണിക്കരും യുവാവിൻ്റെ വാചകം ഉദ്ധരിച്ച് ആക്ഷേപ പോസ്റ്റിട്ടു. തേപ്പുപെട്ടിയുടെ ചിത്രമുൾപ്പെടുത്തിയായിരുന്നു ശ്രീജിത്തിൻ്റെ പോസ്റ്റ്.
