തിരുവനന്തപുരം : മതനിരപേക്ഷ ഉള്ളടക്കത്തോടെ വരുന്ന ആരെയും ഇടതുമുന്നണി സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മുസ്‌ലിം ലീഗിനെ മുന്നണിയിലെടുക്കുന്ന കാര്യം ആ ഘട്ടത്തിൽ പറയാം. രാഷ്‌ട്രീയത്തിൽ നാളെ എന്ത് സംഭവിക്കുമെന്ന് മുൻകൂട്ടി പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ ബിജെപിക്ക് ബദൽ തങ്ങളാണെന്ന് പാവപ്പെട്ട ജനങ്ങളെ ധരിപ്പിക്കാനാണ് കോൺഗ്രസിന്‍റെ ഭാരത് ജോഡോ യാത്ര. കേരളത്തിന് പുറത്ത് മൃദു ഹിന്ദുത്വം കൊണ്ടുനടക്കുന്ന കോൺഗ്രസ് ദുർബലമായിക്കൊണ്ടിരിക്കുകയാണെന്നും ജാഥ കേരളത്തിൽ ഒരു സ്വാധീനവും ചെലുത്തില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
മാധ്യമങ്ങള്‍ മൂലധനശക്തികളുടെ കൈയില്‍ : വരുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കേരളം കേന്ദ്രമാക്കി ജനാധിപത്യ ബദൽ രൂപം കൊള്ളും. മാധ്യമങ്ങളടക്കം കേരളത്തിൽ എല്‍ഡിഎഫ് തോൽക്കുന്ന തരത്തിൽ പ്രചാരണം നടത്തി. ഒരു വികസനവും കേരളത്തിൽ പാടില്ലെന്ന നിലയാണ് ഇപ്പോള്‍. പ്രതിപക്ഷത്തിന്‍റെ പേരിലാണെങ്കിലും ഇതെല്ലാം മാധ്യമങ്ങളാണ് ചെയ്യുന്നത്. മൂലധനശക്തികളുടെ കൈയിലാണ് മാധ്യമങ്ങള്‍.
Also read: പ്രസ്‌താവനകളില്‍ പക്വത, നയങ്ങളില്‍ വ്യക്തത: എംവി ഗോവിന്ദൻ എന്ന കമ്യൂണിസ്റ്റ് മുഖം
കെ റെയിലുമായി മുന്നോട്ടുപോകും : കെ റെയിൽ പദ്ധതി ആവശ്യമായ ആസൂത്രണത്തോടെ മുന്നോട്ടുപോകും. അടുത്ത 50 വര്‍ഷത്തെ കേരള വികസനത്തിന്‍റെ ഭാഗമാണ് പദ്ധതി. കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി കിട്ടിയാൽ നടപ്പാക്കും. അനുമതി തരാതിരിക്കാൻ കേന്ദ്രത്തിന് കഴിയില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
ഒരു വിഭാഗം സര്‍ക്കാരിനെതിരെ തിരിയുന്നു : വിഴിഞ്ഞം സമരം സർക്കാരിനെതിരല്ല. എന്നാല്‍ ഒരു വിഭാഗം സർക്കാരിനെതിരെ തിരിയാൻ ശ്രമിക്കുന്നുണ്ട്. ഒരു സമരവും അടിച്ചമർത്തിയിട്ടില്ല. സിപിഎം സ്വയം തിരുത്തിയാണ് മുന്നോട്ടുപോകുന്നത്. പുറത്തുനിന്നുള്ള വിമർശനങ്ങൾ കാണാതിരിക്കില്ലെന്നും എംവി ഗോവിന്ദൻ മീറ്റ് ദ പ്രസ് പരിപാടിയിൽ പറഞ്ഞു.