തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരായ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രസ്‌താവന കോണ്‍ഗ്രസിന്‍റെ അധപതനത്തിന്‍റെ തെളിവെന്ന് സിപിഎം.
കോണ്‍ഗ്രസിനകത്തുള്ള പ്രശ്നങ്ങള്‍ മറച്ചുവയ്ക്കാനാണ് മുഖ്യമന്ത്രിക്ക് നേരെ ആക്ഷേപങ്ങള്‍ ചൊരിയുന്നതെങ്കില്‍ അതൊന്നും ഫലിക്കാന്‍ പോകുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു.
കുറച്ചുകാലമായി കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിയുടെ കുടുംബത്തെ വേട്ടയാടുകയാണ്. നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലടക്കം അനാവശ്യമായി കുടുംബത്തിനെതിരെ ആരോപണം ഉന്നയിച്ചു.
എന്നാല്‍ അതൊന്നും വിലപ്പോയില്ല. മുഖ്യമന്ത്രിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയമായ അധപതനം കൂടിയാണ് വ്യക്തമാക്കുന്നത്.
സോണിയ ഗാന്ധി പിന്തുണയ്ക്കുന്നുണ്ടോ?
സിപിഎം നേതാക്കളെയും കുടുംബാംഗങ്ങളെയും യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളുന്നയിച്ച് നിരന്തരമായി ആക്ഷേപിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.
എംപിയായ കൊടിക്കുന്നില്‍ നടത്തിയ വ്യക്ത്യാധിക്ഷേപത്തെ സോണിയാഗാന്ധിയും കെപിസിസി നേതൃത്വവും പിന്തുണയ്ക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തുന്നില്ലെന്ന് പറഞ്ഞും ആരോപണങ്ങളുന്നയിച്ചു. നിയമസഭ സമ്മേളനവും ഓണക്കാലവുമായതിനാലാണ് വാര്‍ത്താസമ്മേളനം നടത്താത്തതെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്.
ഇത്തരം നീചമായ രീതിയിലുള്ള അധിക്ഷേപങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുമ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ കെല്‍പ്പുള്ള പാര്‍ട്ടിയാണ് സിപിഎം എന്ന് മറക്കരുത്.
ജനങ്ങള്‍ എല്ലാം കേള്‍ക്കുന്നുണ്ടെന്ന ബോധ്യം എല്ലാവര്‍ക്കും ഉണ്ടാകണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.