തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാറിനെതിരെ നുണകളുടെ കുഴിബോംബ് പൊട്ടിക്കുകയാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിളള. സംസ്ഥാന സര്‍ക്കാറിനെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് നുണകളുടെ കുഴിബോംബ് പൊട്ടിക്കുകയാണ് ബിജെപി ചെയ്യുന്നത്. സ്വതന്ത്രമായ ജനവിധിയുണ്ടായാല്‍ അത് എതിരാകുമെന്ന് മനസിലായതുകൊണ്ടാണ് ബിജെപിയുടെ ഈ ഗൂഢശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ ഈ നീക്കത്തിന് യുഡിഎഫ് ഒത്താശ ചെയ്യുകയാണ്. ഒരു കേസിലെ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ദുഷ്പ്രചരണം നടത്തുകയാണ്.പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. മൂന്ന് മാസം മുമ്പ് കൊടുത്ത മൊഴി ഇപ്പോള്‍ പുറത്ത് വിട്ടത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ്. ലാവ്ലിന്‍ കേസ് സംബന്ധിച്ച് 15 വര്‍ഷം മുമ്പ് കൊടുത്ത പരാതിയില്‍ ഉറങ്ങി ഇരുന്ന ഇഡി ഇപ്പോള്‍ അത് പൊടി തട്ടിയെടുത്തത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തന്നെയാണ്. കസ്റ്റംസ് ഓഫീസിന് മുന്നിലെ പ്രതിഷേധം ഒരു ഉദ്യോഗസ്ഥനെതിരല്ല. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെയാണ്. ഇതിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട കസ്റ്റംസ് കമ്മിഷണർ സുമിത്ത് കുമാര്‍ ആ സ്ഥാനത്തിന് യോഗ്യനല്ല. അയാളുടെ രാഷ്ട്രീയമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും എസ്.ആര്‍.പി പറഞ്ഞു.