തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി യോഗം ബുധനാഴ്‌ച (09.03.22) ചേരും. സംസ്ഥാന സമ്മേളനത്തിന് ശേഷമുള്ള പുതിയ സംസ്ഥാന സമിതിയുടെ ആദ്യ യോഗമാണ് ചേരുന്നത്. സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയവരുടേയും പരിഗണിക്കാതിരുന്ന മുതിര്‍ന്ന നേതാക്കളുടേയും പ്രവര്‍ത്തന മേഖല യോഗം ചര്‍ച്ച ചെയ്യും.
ജി സുധാകരന്‍റെ പദവി പ്രധാന ചർച്ച
സംസ്ഥാന സമിതിയില്‍ നിന്നൊഴിവാക്കിയ മുതിര്‍ന്ന നേതാവ് ജി സുധാകരന്‍റെ പദവിയാണ് പ്രധാനം. പാര്‍ട്ടി പ്രസിദ്ധീകരണങ്ങളുടെ ചുമതല സുധാകരന് നല്‍കുന്നതാണ് ഇപ്പോള്‍ പരിഗണനയിലുള്ള നിര്‍ദേശം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ദിനേശന്‍ പുത്തലത്തിനെ മാറ്റുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം യോഗത്തിലുണ്ടായേക്കാം. സംസ്ഥാന സെക്രട്ടേറിയറ്റിലെത്തിയതിനെ തുടര്‍ന്നാണ് പുത്തലത്തിനെ ചുമതലയില്‍ നിന്ന് മാറ്റുന്നത്. പകരം സിപിഎം സംസ്ഥാന സമിതിയിലേക്ക് മടങ്ങിയെത്തിയ പി ശശിയെ നിയോഗിക്കുന്നത് സംബന്ധിച്ചാണ് ചര്‍ച്ച നടക്കുന്നത്.
രാജ്യസഭ തെരഞ്ഞെടുപ്പും പ്രധാനം
മാര്‍ച്ച് 31 നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പും യോഗത്തിന്‍റെ പരിഗണനയില്‍ വരും. ഒഴിവ് വരുന്ന മൂന്ന് സീറ്റുകളില്‍ നിലവിലെ നിയമസഭയിലെ ഭൂരിപക്ഷത്തിന്‍റെ അടിസ്ഥാനത്തില്‍ രണ്ട് സീറ്റുകളില്‍ വിജയിക്കാന്‍ എല്‍ഡിഎഫിനാകും. ഇതില്‍ ഒരു സീറ്റാണ് സിപിഎമ്മിനുളളത്. ഇതില്‍ ആര് മത്സരിക്കണമെന്നത് സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചയും യോഗത്തില്‍ നടക്കും.
സംസ്ഥാന സെക്രട്ടേറിയറ്റാകും സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. കെ റെയില്‍ സര്‍വ്വേയ്ക്ക് എതിരെ നടക്കുന്ന പ്രതിഷേധങ്ങളും യോഗത്തില്‍ അംഗങ്ങള്‍ ഉന്നയിയ്ക്കാന്‍ സാധ്യതയുണ്ട്.
Also read: നമ്പർ 18 പോക്‌സോ കേസ് : റോയ് വയലാട്ടിന്‍റെ മുന്‍കൂർ ജാമ്യാപേക്ഷ തള്ളി, അഞ്ജലിക്ക് ജാമ്യം