തിരുവനന്തപുരം : പാലക്കാട്ടെ പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്‍റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്‌എസ് - ബിജെപി സംഘമെന്ന് സിപിഎം. കൊലപാതകത്തിന് ശേഷം വ്യാജ പ്രചാരണം അഴിച്ചുവിടുന്നത് കൊടും ക്രൂരതയാണ്. ക്രിമിനൽ പ്രവർത്തനം ചോദ്യം ചെയ്‌തത് കൊലപാതകത്തിന് പ്രേരണയായെന്നും സിപിഎം സെക്രട്ടേറിയറ്റ് ആരോപിച്ചു.
ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ ഷാജഹാന്‍റെ നേതൃത്വത്തില്‍ ബോര്‍ഡ് വച്ചപ്പോള്‍ അത് മാറ്റി അതേ സ്ഥലത്ത് തന്നെ ശ്രീകൃഷ്‌ണ ജയന്തിയുടെ ബോര്‍ഡ് വയ്‌ക്കാന്‍ ആര്‍എസ്‌എസ് സംഘം ശ്രമിച്ചു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഷാജഹാന്‍റെ കൊലപാതക കേസിലെ പ്രതികൾക്ക് കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ട്.
Read more: പാലക്കാട് സിപിഎം പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തി
കേരളത്തില്‍ മാത്രം ആറ് വര്‍ഷത്തിനിടെ 17 സിപിഎം പ്രവര്‍ത്തകരെയാണ് ആര്‍എസ്‌എസ് ക്രിമിനല്‍ സംഘങ്ങള്‍ കൊലപ്പെടുത്തിയത്. ഓരോ കൊലപാതകത്തിന് ശേഷവും മനുഷ്യത്വഹീനമായ പ്രചാരണം നടത്താനും രക്തസാക്ഷികളുടെ കുടുംബത്തെയടക്കം അപമാനിക്കാനും മടിയില്ലാത്തവരാണ് ഇക്കൂട്ടർ. സംസ്ഥാനത്ത് പുലരുന്ന സമാധാനവും സ്വൈര്യ ജീവിതവും തകര്‍ത്ത് കലാപമുണ്ടാക്കലാണ് ആര്‍എസ്‌എസ് ലക്ഷ്യം.
അക്രമികളെ ഒറ്റപ്പെടുത്തിയും ജനങ്ങളുടെ പിന്തുണയോടെ ജനാധിപത്യപരമായി പ്രതിഷേധിച്ചും ആര്‍എസ്‌എസ്-ബിജെപി ഭീഷണിയെ നേരിടും. എല്ലാ വ്യാജ പ്രചാരണങ്ങളും തിരിച്ചറിഞ്ഞ് ജനങ്ങള്‍ അവ തള്ളിക്കളയണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ പ്രസ്‌താവനയില്‍ പറയുന്നു. അതേസമയം, ഷാജഹാന്‍റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന ആരോപണം ബിജെപി തള്ളി. കൊലപാതകവുമായി ബിജെപിക്ക് ബന്ധമില്ലെന്നും സിപിഎമ്മിലെ പ്രാദേശിക വിഭാഗീയത മറച്ചുവയ്ക്കാനാണ് പാര്‍ട്ടിയെ മറയാക്കുന്നതെന്നും സംസ്ഥാന സെക്രട്ടറി സി കൃഷ്‌ണകുമാർ ആരോപിച്ചു.