തിരുവനന്തപുരം : മുസ്ലിം പളളികള്‍ കേന്ദ്രീകരിച്ച് സര്‍ക്കാര്‍ വിരുദ്ധ പ്രചാരണം നടത്താൻ മുസ്ലീം ലീഗ് ആഹ്വാനം ചെയ്‌തത് ചെറുപ്പക്കാര്‍ പാര്‍ട്ടിയോട് അടുക്കുന്നതിലുള്ള ഭയപ്പാട് മൂലമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പള്ളികള്‍ കേന്ദ്രീകരിച്ച് സര്‍ക്കാര്‍ വിരുദ്ധ പ്രചരണം നടത്താനുളള ലീഗ് ആഹ്വാനം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും.
വര്‍ഗീയ ചേരിതിരിവിനും മത ധ്രുവീകരണത്തിനും ഇടയാക്കുന്ന ഈ നീക്കം സംഘപരിവാറിന് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് പ്രചാരണം നടത്താന്‍ ഊര്‍ജം നല്‍കുന്നതാണ്. പള്ളികള്‍ രാഷ്ട്രീയ വേദിയാക്കുന്നത് തീക്കൊള്ളി കൊണ്ട് തലചൊറിയുന്നതാണെന്നും സിപിഎം കുറ്റപ്പെടുത്തി.
ALSO READ: Sexual assault against student: കയറിപിടിക്കാൻ ശ്രമിച്ച യുവാവിനെ ഓടിച്ചിട്ട് വിദ്യാര്‍ഥിനി പിടികൂടി
രാഷ്ട്രീയ ലാഭത്തിനായി ആരാധനാലയങ്ങളെ ദുരുപയോഗിക്കാനുള്ള ഈ നീക്കം വിശ്വാസികള്‍ ഒരു തരത്തിലും അംഗീകരിക്കില്ല. സംഘപരിവാറിന്‍റെ ഉത്തരേന്ത്യന്‍ മാതൃക കേരളത്തില്‍ നടപ്പാക്കാനാണ് ലീഗിന്‍റെ ശ്രമം. ഇതിന്‍റെ ചുവടുപിടിച്ച് ബിജെപി കേരളത്തിലെ ക്ഷേത്രങ്ങള്‍ രാഷ്ട്രീയ പ്രചാരണത്തിന് വേദിയാക്കിയാല്‍ ലീഗ് അടക്കമുള്ള സംഘടനകള്‍ എന്ത് ന്യായം പറയുമെന്നും സിപിഎം പ്രസ്‌താവനയില്‍ ചോദിക്കുന്നു.
ഇതിന് മുമ്പും ആരാധനാലയങ്ങളെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കാന്‍ ലീഗ് ശ്രമിച്ചപ്പോള്‍ വിശ്വാസികള്‍ തന്നെയാണ് അതിനെ പ്രതിരോധിച്ചത്. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട പ്രശ്‌നം മുസ്ലിം മതസംഘടനയിലെ നേതാക്കള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. എല്ലാവരുടേയും ആശങ്ക ദൂരീകരിച്ച് മാത്രമേ ഇത് നടപ്പാക്കൂവെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതുമാണ്. ലീഗിന്‍റെ ഈ ആഹ്വാനത്തെ കുറിച്ച് യുഡിഎഫ് നേതൃത്വം നല്‍കുന്ന കോൺഗ്രസ് അഭിപ്രായം പറയണമെന്നും സിപിഎം ആവശ്യപ്പെട്ടു.