തിരുവനന്തപുരം: പാറശാല ഉദിയൻകുളങ്ങരയിൽ ആത്മഹത്യ ചെയ്‌ത സിപിഎം പ്രവർത്തകയുടെ മൃതദേഹം ദേശീയപാതയിൽ വച്ച് ഉപരോധിക്കാൻ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. ആത്മഹത്യാ കുറിപ്പില്‍ ആരോപണ വിധേയരായ പാര്‍ട്ടിക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ ആവശ്യം. പാർട്ടി പ്രവർത്തകരായ കൊറ്റാമം രാജൻ, അലത്തറവിളാകം ജോയ് എന്നിവരാണ് തന്‍റെ മരണത്തിന് കാരണമെന്നും, തന്നെ പലതവണ മാനസികമായി പീഡിപ്പിച്ചുവെന്നും ഇക്കാര്യം പലതവണ പാർട്ടിയിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും എടുത്തില്ലെന്നും മരിച്ച ആശയുടെ ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നു.
ഉദിയൻ കുളങ്ങര ജങ്ഷനിൽ വച്ച് ദേശീയപാത ഉപരോധിച്ച് പ്രതിഷേധിക്കാനായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ തീരുമാനിച്ചിരുന്നത്. എന്നാൽ മൃതദേഹവുമായി ആംബുലൻസ് എത്തുന്നതിനുമുമ്പ് ജങ്ഷനില്‍ സംഘടിച്ചെത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകർ യൂത്ത് കോൺഗ്രസുകാരുമായി വാക്കേറ്റമുണ്ടായി. തുടർന്ന് കയ്യാങ്കളിയില്‍ എത്തുകയായിരുന്നു. ഈ സമയം പൊലീസ് ഒരുക്കിയ പ്രതിരോധത്തിലുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസ് ആശയുടെ വീട്ടിലെത്തിച്ചു. മതപരമായ ചടങ്ങുകൾക്കുശേഷം ദഹിപ്പിക്കാൻ ശാന്തികവാടത്തിലേക്ക് മാറ്റി. അതേസമയം ആത്മഹത്യയില്‍ ആരോപണവിധേയരായ സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. ഇത് ദേശീയപാതയിലെ ഗതാഗതം നിശ്ചലമാക്കി. കേസ് അന്വേഷിക്കുന്നുണ്ടെന്നും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് നൽകിയ ഉറപ്പിന്മേൽ റോഡ് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.