തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളിൽ കോവിഷീല്‍ഡ് വാക്‌സിൻ പൂർണമായും തീർന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കോവീഷില്‍ഡ് വാക്‌സിൻ പൂര്‍ണമായും തീര്‍ന്നത്. സംസ്ഥാനത്ത് ഇനി 1.4 ലക്ഷത്തോളം ഡോസ് വാക്‌സിന്‍ മാത്രമാണ് ശേഖരത്തിലുള്ളതെന്നും എത്രയും വേഗം കൂടുതല്‍ വാക്‌സിന്‍ എത്തിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വീണ ജോര്‍ജ് അറിയിച്ചു.
അതേ സമയം എല്ലാ ജില്ലകളിലും കുറഞ്ഞ തോതില്‍ കോവാക്‌സിന്‍ സ്റ്റോക്കുണ്ട്. എന്നാൽ പല വിദേശ രാജ്യങ്ങളും അംഗീകരിക്കാത്തതിനാല്‍ കോവാക്‌സിന്‍ എടുക്കാന്‍ പലരും വിമുഖത കാണിക്കുന്നുണ്ട്. എന്നാൽ കോവാക്‌സിൻ സ്വീകരിക്കാൻ ആശങ്ക വേണ്ടെന്നും രണ്ട് വാക്‌സിനും സുരക്ഷിതമാണെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാക്‌സിനേഷന്‍ നടപടിക്ക് സംസ്ഥാന സര്‍ക്കാര്‍ വേഗത കൂട്ടിയിരുന്നു. വാക്‌സിന്‍ യജ്ഞം അടക്കം നടത്തി പരമാവധി പേര്‍ക്ക് വാക്‌സിന്‍ എത്തിക്കാനാണ് ശ്രമം. വാക്‌സിന്‍ യജ്ഞത്തിലൂടെ ഓഗസ്റ്റ് മാസത്തില്‍ 88 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞു.
ALSO READ: 'പെന്‍ഷന്‍ പ്രായം ഉയര്‍ത്തണം'; ശമ്പള പരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശ സർക്കാരിന് കൈമാറി
വാക്‌സിൻ ലഭിച്ചാൽ സെപ്റ്റംബര്‍ ആദ്യ ആഴ്‌ചകളില്‍ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനാണ് ശ്രമം. എന്നാൽ കേന്ദ്ര സര്‍ക്കാറില്‍ നിന്നും കൂടുതല്‍ വാക്‌സിന്‍ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ വാക്‌സിനേഷന്‍ പൂര്‍ണ്ണമായും സ്തംഭിക്കുന്ന അവസ്ഥയിലെത്തുമെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു.