തിരുവനന്തപുരം : 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ കൊവിഡ് വാക്‌സിനേഷനായി പ്രത്യേക കര്‍മ പദ്ധതി തയ്യാറാക്കിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. തിങ്കളാഴ്‌ച മുതലാണ് കുട്ടികള്‍ക്കുള്ള കുത്തിവയ്‌പ്പ് ആരംഭിക്കുന്നത്. വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വാക്‌സിന്‍ ലഭ്യതയനുസരിച്ച് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു.
കുട്ടികള്‍ക്ക് കൊവാക്‌സിന്‍ മാത്രമാണ് നല്‍കുന്നത്. ജനുവരി 10 വരെ ഞായര്‍ ഉള്‍പ്പടെയുള്ള 4 ദിവസങ്ങളില്‍ ജനറല്‍ ആശുപത്രികള്‍, ജില്ല ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകള്‍ എന്നിവിടങ്ങളില്‍ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ലഭ്യമായിരിക്കും. ബുധനാഴ്‌ച വാക്‌സിനേഷന്‍ ഉണ്ടായിരിക്കില്ല. കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാനായി പിങ്ക് നിറത്തിലുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കും.
Also read: Kerala Covid Updates : സംസ്ഥാനത്ത് 2,435 പേര്‍ക്ക് കൂടി കൊവിഡ്, 2,704 പേര്‍ക്ക് രോഗമുക്തി
കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്‌തശേഷം വാക്‌സിനേഷന് പോകുന്നതാണ് ഉചിതം. സ്വന്തമായി രജിസ്‌ട്രേഷന്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് സഹായം ലഭ്യമാക്കും. ഭാവിയില്‍ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ കൃത്യമായ വിവരങ്ങള്‍ കൊവിന്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തേണ്ടതാണ്.
ഏതെങ്കിലും കാരണത്താല്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തി സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്‌സിന്‍ സ്വീകരിക്കാം. ഓരോ വിദ്യാഭ്യാസ സ്ഥാപനവും വാക്‌സിന്‍ എടുത്തവരുടെയും എടുക്കാത്തവരുടെയും എണ്ണം ജില്ല വിദ്യാഭ്യാസ ഓഫിസര്‍ക്ക് നല്‍കും. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.