തിരുവനന്തപുരം: കൊവിഡ് വാക്‌സിനേഷന് തദ്ദേശ സ്ഥാപന രജിസ്‌ട്രേഷന്‍ വേണമെന്ന പ്രചാരണം തെറ്റാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജനങ്ങൾ വാക്‌സിനേഷന്‍റെ രജിസ്‌ട്രേഷന്‍ നടത്തുന്നത് കൊവിന്‍ പോര്‍ട്ടലിലാണെന്നും അതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഓപ്ഷനില്ലാത്തതിനാല്‍ എവിടെ നിന്നും വാക്‌സിന്‍ എടുക്കാന്‍ സാധിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് നടക്കുന്ന വാക്‌സിനേഷന്‍ യജ്ഞം സുഗമമാക്കുന്നതിന് വേണ്ടിയാണ് വാക്‌സിനേഷനായി സംസ്ഥാനതല മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കിയത്. വയോജനങ്ങള്‍, ഗുരുതര രോഗമുള്ളവര്‍, അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്കും വാക്‌സിനേഷന്‍ നല്‍കേണ്ടതാണ്. ഇതിനാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയതെന്നും മന്ത്രി വ്യക്തമാക്കി.
കിടപ്പുരോഗികൾക്കും, വയോധികർക്കും ഓഗസ്റ്റ് 15ന് മുമ്പ് ആദ്യ ഡോസ്
വാക്‌സിന്‍ യജ്ഞത്തിന്‍റെ ഭാഗമായി 60 വയസിന് മുകളില്‍ പ്രായമായ എല്ലാവര്‍ക്കും 18 വയസിന് മുകളില്‍ പ്രായമുള്ള കിടപ്പ് രോഗികള്‍ക്കും ഓഗസ്റ്റ് 15ന് മുമ്പ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കുന്നതാണ്. ഇവരെ വാര്‍ഡ് തിരിച്ച് കണ്ടെത്തിയാണ് വാക്‌സിനേഷന്‍ ഉറപ്പാക്കുന്നത്. ഈ യജ്ഞത്തില്‍ ഓണ്‍ലൈനായും നേരിട്ടുമുള്ള രജിസ്‌ട്രേഷനിലൂടെ 50 ശതമാനം സ്ലോട്ട് വീതമാണ് അനുവദിക്കുന്നത്.
വാക്‌സിന്‍റെ ലഭ്യത കുറവ് കാരണം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തവര്‍ സ്ലോട്ട് തെരഞ്ഞെടുക്കുമ്പോള്‍ അവരുടെ തദ്ദേശ സ്ഥാപനത്തിലുള്ള വാക്‌സിനേഷന്‍ കേന്ദ്രം തന്നെ തെരഞ്ഞെടുക്കേണ്ടതാണ്. അതിലൂടെ ആ പ്രദേശത്തുള്ള ഈ വിഭാഗത്തിലുള്ള മുഴുവന്‍ ആളുകള്‍ക്കും വാക്‌സിന്‍ ഉറപ്പാക്കാനാകും.ഈ വിഭാഗങ്ങളുടെ വാക്‌സിനേഷന് ശേഷം വാക്‌സിന്‍റെ ലഭ്യതയനുസരിച്ച് മറ്റുള്ളവര്‍ക്കും നല്‍കുന്നതാണ്.
ഗുണഭോക്‌താക്കളെ തിരഞ്ഞെടുക്കുക കർശന വ്യവസ്ഥകളോടെ
60 വയസിന് മുകളില്‍ പ്രായമുള്ള രണ്ടാം ഡോസ് എടുക്കേണ്ടവര്‍, 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ കിടപ്പ് രോഗികളുടെയും രണ്ടാം ഡോസ്, 18നും 60നും ഇടയിക്ക് പ്രായമായ അനുബന്ധ രോഗമുള്ളവര്‍ക്ക് ആദ്യ ഡോസും രണ്ടാം ഡോസും, 18 വയസിന് മുകളില്‍ പ്രായമുള്ള സര്‍ക്കാര്‍ നിശ്ചയിച്ച മുന്‍ഗണനാ ഗ്രൂപ്പിലുള്ളവര്‍, 18നും 44നും ഇടയ്ക്ക് പ്രായമുള്ളവര്‍ അവരോഹണ ക്രമത്തില്‍ എന്നിങ്ങനെ വാര്‍ഡ് തലത്തില്‍ പട്ടിക തയ്യാറാക്കിയായിരിക്കും വാക്‌സിന്‍ നല്‍കുക.
ALSO READ: സംസ്ഥാനത്ത് കൊവിഡ് വകഭേദം വന്നിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍
ജില്ലാ കലക്ടര്‍മാര്‍ ആരോഗ്യ വകുപ്പുമായി ഏകോപിപ്പിച്ചാണ് ജില്ലയിലെ വാക്‌സിനേഷന്‍ പദ്ധതി തയ്യാറാക്കുന്നത്. കര്‍ശന വ്യവസ്ഥകളോടെയായിരിക്കും 50 ശതമാനമുള്ള സ്‌പോട്ട് രജിസ്‌ട്രേഷന്‍ സ്ലോട്ടുകളില്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. കിടപ്പ് രോഗികള്‍ക്ക് മൊബൈല്‍ യൂണിറ്റുകളിലൂടെയും രജിസ്‌ട്രേഷന്‍ ചെയ്യാനറിയാത്തവര്‍ക്ക് ആശാവര്‍ക്കര്‍മാരുടെ സഹായത്തോടെ വേവ് വഴിയും വാക്‌സിനേഷന്‍ ഉറപ്പിക്കുന്നതാണെന്നും ആരോഗ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.