തിരുവനന്തപുരം : സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവരില്‍ ഒരു കോടിയിലേറെ പേര്‍ കൊവിഡ് വാക്‌സിന്‍റെ രണ്ടാം ഡോസും എടുത്തതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആദ്യ ഡോസ് വാക്‌സിന്‍ 90 ശതമാനം കടന്നു. ഇന്നത്തെ വാക്‌സിനേഷനോടെ ഒന്നാം ഡോസ് വാക്‌സിനേഷന്‍ 90.31 ശതമാനത്തിലെത്തി. ഇനിയും കുത്തിവയ്‌പ്പ് എടുക്കാനുള്ളവര്‍ എത്രയും വേഗം സ്വീകരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.
2.41 കോടി ആളുകള്‍ ഒന്നാം ഡോസും ഒരു കോടി ആളുകള്‍ രണ്ടാം ഡോസും പൂര്‍ത്തിയാക്കി. ഇതോടെ സമ്പൂര്‍ണ വാക്‌സിനേഷൻ സ്വീകരിച്ചവർ 37.78 ശതമാനമായി. 3,42, 10,890 ഡോസ് വാക്‌സിനാണ് സംസ്ഥാനത്ത് ഇതുവരെ നല്‍കിയത്. വയനാട്, പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം, ഇടുക്കി എന്നീ ജില്ലകളാണ് കുത്തിവയ്‌പ്പില്‍ മുന്നില്‍.
ALSO READ: സംസ്ഥാനത്ത് 15,768 പേര്‍ക്കുകൂടി COVID 19 ; 214 മരണം
വാക്‌സിനെടുത്തവരില്‍ മുന്നില്‍ സ്ത്രീകളാണ്. ഇതുവരെ 1,77, 51, 202 ഡോസ് വാക്‌സിനാണ് വനിതകള്‍ സ്വീകരിച്ചത്. 1,64,51,576 പുരുഷന്‍മാരും കുത്തിവയ്‌പ്പ് എടുത്തു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് മുന്നണി പോരാളികള്‍ക്കും 100 ശതമാനം ആദ്യ ഡോസും 87 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.
45 വയസിന് മുകളിലുള്ള 96 ശതമാനം പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 56 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. സംസ്ഥാനത്തിന് 50,000 ഡോസ് കൊവാക്‌സിന്‍ കൂടി ലഭ്യമായതായും ആരോഗ്യമന്ത്രി അറിയിച്ചു.